വാഷിങ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്ന പദത്തിന് പകരം ‘സൂപ്പര്‍ ഇന്റലിജന്‍സ്’ (എസ്ഐ) എന്ന് ഔദ്യോഗികമായി ഉപയോഗിക്കാന്‍ നിര്‍ദേശം നല്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെഡറല്‍ ഗവണ്മെന്റിന്റെ ഔദ്യോഗിക ഇടപാടുകളിലും രേഖകളിലും ഇനി മുതല്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’, ‘എഐ’ എന്നീ പദങ്ങള്‍ക്ക് പകരം ‘സൂപ്പര്‍ ഇന്റലിജന്‍സ്’, ‘എസ്ഐ’ എന്നിങ്ങനെ മാറ്റാന്‍ ഉത്തരവിടുന്ന എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പുവെച്ചു. സാങ്കേതികവിദ്യ കൈവരിച്ച വേഗത്തിലുള്ള വളര്‍ച്ചയെയും വികാസത്തെയും കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കാനാണ് ഈ മാറ്റമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി
ഇനാഗുറേറ്റിങ് ദ് എറ ഓഫ് സൂപ്പര്‍ ഇന്റലിജന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഉത്തരവ് പ്രകാരം, എല്ലാ ഫെഡറല്‍ വകുപ്പുകളും ഏജന്‍സികളും ഔദ്യോഗിക കത്തിടപാടുകള്‍, പൊതു ആശയവിനിമയങ്ങള്‍, വെബ്സൈറ്റുകള്‍, റിപ്പോര്‍ട്ടുകള്‍, നയരേഖകള്‍ എന്നിവയില്‍ പുതിയ പദം ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍ മുന്‍കാല രേഖകള്‍, കരാറുകള്‍, നിലവിലുള്ള നിയമങ്ങള്‍ എന്നിവയില്‍ ഈ മാറ്റം വരുത്തില്ല.വൈറ്റ് ഹൗസില്‍ ടെക് ഭീമന്മാരുമായി നടത്തിയ ഉന്നതതല ഉച്ചഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. സ്പേസ് എക്സ്, ടെസ്ല മേധാവി ഇലോണ്‍ മസ്ക്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, എന്‍വിഡിയ സിഇഒ ജെന്സന് ഹുവാങ് തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. സൂപ്പര്‍ ഇന്റലിജന്‍സ് സുരക്ഷിതമായി വികസിപ്പിക്കാനും അമേരിക്കയെ സാങ്കേതിക രംഗത്തും ദേശീയ സുരക്ഷയിലും മുന്നിലെത്തിക്കാനുമായി വൈറ്റ് ഹൗസും ടെക് ഭീമന്മാരും ധാരണയിലെത്തി.
70 വര്‍ഷത്തോളം പഴക്കമുള്ള ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ എന്ന പദത്തേക്കാള്‍ ഇന്നത്തെ സാങ്കേതികവിദ്യയുടെ ശേഷിയെ വ്യക്തമാക്കുന്നത് ‘സൂപ്പര്‍ ഇന്റലിജന്‍സ്’ എന്ന വാക്കാണെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. മനുഷ്യന്റെ ചിന്തകളെ അനുകരിക്കുക മാത്രമല്ല, സര്‍ഗ്ഗാത്മകതയെയും കഴിവുകളെയും പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ഇന്നത്തെ സിസ്റ്റങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും ഇത് ഇന്റര്‍നെറ്റിനേക്കാള്‍ വലുതാണെന്നും ഉത്തരവില്‍ പറയുന്നു. സൂപ്പര്‍ ഇന്റലിജന്‍സിന് പുതിയ നിര്‍വചനം നല്കുന്നതിനായുള്ള നിയമനിര്‍മാണ നിര്‍ദേശങ്ങള്‍ 60 ദിവസത്തിനകം യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിക്കാന്‍ വൈറ്റ് ഹൗസിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

