ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വോട്ടിംഗ് യന്ത്രങ്ങളിൽ (EVM) അട്ടിമറി നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. വെള്ളിയാഴ്ച സൗത്ത് കൊൽക്കത്തയിലെ ഭവാനിപൂർ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിൽ മൂന്ന് മണിക്കൂറിലധികം മമത ബാനർജി നേരിട്ട് കാവലിരുന്നു. സ്ട്രോങ്ങ് റൂമിലോ വോട്ടെണ്ണൽ പ്രക്രിയയിലോ ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്ക് ശ്രമിച്ചാൽ അത് ജീവൻ-മരണ പോരാട്ടമായി മാറുമെന്ന് മമത മുന്നറിയിപ്പ് നൽകി. വോട്ടിംഗ് യന്ത്രങ്ങൾ മോഷ്ടിക്കാനോ കൃത്രിമം കാണിക്കാനോ ഉള്ള നീക്കങ്ങളെ താൻ ശക്തമായി പ്രതിരോധിക്കുമെന്നും ജനവിധി അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.ഭവാനിപൂരിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ്ങ് റൂമിലാണ് മമത സന്ദർശനം നടത്തിയത്. പലയിടങ്ങളിലും യന്ത്രങ്ങളിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന സിസിടിവി ദൃശ്യങ്ങൾ ടിവിയിലൂടെ കണ്ടതിനെത്തുടർന്നാണ് താൻ നേരിട്ടെത്തിയതെന്ന് അവർ പറഞ്ഞു. സ്ട്രോങ്ങ് റൂമിന് പുറത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സന്ദർശനത്തിനിടെ ഉദ്യോഗസ്ഥർക്കെതിരെയും കേന്ദ്ര ഏജൻസികൾക്കെതിരെയും മമത ആഞ്ഞടിച്ചു. തന്റെ പാർട്ടിയുടെ പോളിംഗ് ഏജന്റിനെ അനാവശ്യമായി അറസ്റ്റ് ചെയ്തതായും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ബിജെപിക്ക് അനുകൂലമായി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും അവർ ആരോപിച്ചു. വോട്ടെണ്ണൽ ദിനമായ മെയ് 4-ന് വോട്ടിംഗ് യന്ത്രങ്ങൾ മാറ്റാനോ ഫലത്തിൽ മാറ്റം വരുത്താനോ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാ സ്ട്രോങ്ങ് റൂമുകൾക്കും മുന്നിൽ 24 മണിക്കൂറും അതീവ ജാഗ്രത പാലിക്കണമെന്ന് മമത പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകി



