തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് ഒപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത ചൂടിന് താൽക്കാലിക ആശ്വാസമായി വേനൽമഴ ലഭിച്ചു. ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, ബംഗാൾ, പഞ്ചാബ്, അസം എന്നിവിടങ്ങളിൽ ഇന്നലെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വിവിധ മേഖലകളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വേനൽ മഴയ്ക്ക് ശേഷം താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.അതിനിടെ, രാജസ്ഥാനിലെ ജബൽപൂരിൽ ബോട്ടപകടത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. എട്ടുപേർക്കായാണ് തിരച്ചിൽ തുടരുന്നത്. ശക്തമായ കാറ്റിനെ തുടർന്ന് ഇന്നലെയാണ് ഭാർഗി അണക്കെട്ടിൽ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി അപകടം ഉണ്ടായത്. അപകടത്തിൽ ആറു പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. 15 പേരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. കാലാവസ്ഥാ വ്യതിയാനം ആണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ട്.



