കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം. ദേശീയ ജല വൈദ്യുത കോപ്പറേഷന് മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതി ഇന്നലെ അണക്കെട്ടില്‍ ആദ്യഘട്ട പരിശോധന നടത്തിയിരുന്നു. എന്നാല്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന വേണമെന്നാണ് കേരളം ആവശ്യപ്പെടുക. വിദഗ്ധ സമിതിയുടെ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിക്കുക
കേരള- തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. അണക്കെട്ടില്‍ കൂടുതല്‍ പരിശോധന വേണമോയെന്നത് ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സമിതി അധ്യക്ഷന്‍ ബല്‍രാജ് സൂചിപ്പിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കും. റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും ബല്‍രാജ് അറിയിച്ചു.
ഇന്നലെ അണക്കെട്ടിലെത്തിയ വിദഗ്ധ സംഘം, പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍ വേ എന്നിവിടങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തി. പ്രധാന അണക്കെട്ടില്‍ നടത്തിയ അറ്റകുറ്റപ്പണികള്‍, ഗാലറിയില്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത, സ്വീപ്പേജ് വെള്ളത്തിന്റെ അളവ്, സ്പില്‍വേ ഷട്ടറുകള്‍ തുടങ്ങിയവയെല്ലാം വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി

