കല്‍പറ്റ: മഴ ശക്തമാകുന്നതിന് മുമ്പ് സംസ്ഥാനത്തെ മുഴുവന്‍ നെല്ല് സംഭരണവും പൂര്‍ത്തിയാക്കണമെന്ന കൃഷി മന്ത്രി ടി. സിദ്ദീഖിന്റെ നിർദേശത്തിൽ കർഷകർക്ക് പ്രതീക്ഷ. നെൽകര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം വേഗത്തില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൃഷി മന്ത്രിയെന്ന നിലയിലുള്ള ടി. സിദ്ദീഖിന്റെ ആദ്യ ഇടപെടലാണിത്. കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ നെല്ല് സംഭരണത്തിലെ കാലതാമസം, ലഭിക്കാനുള്ള പണം വൈകുന്നത് എന്നിവ സംബന്ധിച്ച് സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സഹകരണ മന്ത്രി എം. ലിജു, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള തുക എത്രയും വേഗത്തില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും നിലവിലുള്ള തടസ്സങ്ങള്‍ പരിഹരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വിഷയവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് അടിയന്തര തീരുമാനം കൈക്കൊള്ളും. മഴക്കാലത്തിന് മുമ്പ് കര്‍ഷകരുടെ മുഴുവന്‍ നെല്ലും സുരക്ഷിതമായി സംഭരിച്ച് കര്‍ഷകരെ സംരക്ഷിക്കുകയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ടി. സിദ്ദീഖ് വ്യക്തമാക്കി.



