Saturday, July 4, 2026
No menu items!
Homeവാർത്തകൾജീവിത ശൈലി രോഗങ്ങളുടെ ഹോട്ട് സ്പോട്ടായി കേരളം മാറുന്നു; ആരോഗ്യ വകുപ്പിൻ്റെ ശൈലി ഡിജിറ്റൽ...

ജീവിത ശൈലി രോഗങ്ങളുടെ ഹോട്ട് സ്പോട്ടായി കേരളം മാറുന്നു; ആരോഗ്യ വകുപ്പിൻ്റെ ശൈലി ഡിജിറ്റൽ ഹെൽത്ത് സർവേ

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ ആശങ്കജനകമായ രീതിയിൽ വർധിക്കുന്നതായി കണക്കുകൾ. പ്രമേഹം, രക്താതി മർദം, ഹൃദ്രോഗം, അർബുദം തുടങ്ങിയ രോഗസാധ്യതകളുടെ കാര്യത്തിൽ ഹോട്ട് സ്പോട്ടായി സംസ്ഥാനം മാറുകയാണെന്നാണ് ആരോഗ്യ വകുപ്പ് നടത്തുന്ന ശൈലി ഡിജിറ്റൽ ഹെൽത്ത് സർവേയുടെ മൂന്നാംഘട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.സ്ക്രീനിങ്ങിന് വിധേയരായ 30 വയസ്സിന് മുകളിലുള്ളവരിൽ 40.9 ശതമാനം പേർക്കും ഒന്നോ അതിലധികമോ ജീവിത ശൈലി രോഗസാധ്യതകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2026 ജനുവരിയിൽ ആരംഭിച്ച് നിലവിൽ പുരോഗമിക്കുന്ന സർവേയിൽ 28.6 ലക്ഷത്തിലധികം ആളുകളിൽ നടത്തിയ സ്ക്രീനിങ്ങിൽ 3,71,520 പേർക്ക് രക്താതി മർദവും (13 ശതമാനം) 2,23,069 പേർക്ക് പ്രമേഹവും (7.8 ശതമാനം) കണ്ടെത്തി. 31,692 പേർക്ക് അർബുദ സാധ്യത തിരിച്ചറിഞ്ഞ് കൂടുതൽ പരിശോധനക്ക് നിർദേശിച്ചിട്ടുണ്ട്. 31,274 പേർക്ക് ക്ഷയ രോഗ സാധ്യതയും 53,484 പേർക്ക് ശ്വാസകോശ രോഗ സാധ്യതയും കണക്കാക്കപ്പെടുന്നു. സർവേയിൽ പങ്കെടുത്തവരിൽ 5.9 ശതമാനം പേർക്ക് (1.69 ലക്ഷം ആളുകൾ) പ്രമേഹവും രക്താതി മർദവും ഒരുമിച്ചുണ്ട് എന്നതാണ് ആശങ്ക ഉണർത്തുന്ന കാര്യം. ആദ്യ രണ്ട് ഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗ സാധ്യതയുള്ളവരുടെ കണക്ക് കുത്തനെ ഉയരുന്നതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഒന്നാം ഘട്ടത്തിൽ സ്ക്രീനിങ് ചെയ്തവരിൽ രോഗ സാധ്യതയുള്ളവരുടെ നിരക്ക് 18.1 ശതമാനമായിരുന്നുവെങ്കിൽ രണ്ടാം ഘട്ടത്തിൽ അത് 42.9 ലേക്ക് ഉയർന്നു. മൂന്നാം ഘട്ടത്തിൽ ആറ് മാസത്തെ സർവേ കണക്കുകളിലും വലിയ വർധനവാണ് വ്യക്തമാകുന്നത്. 2023 -24 കാലഘട്ടത്തിൽ നടന്ന ഒന്നാം ഘട്ട സർവേയിൽ 1.54 കോടിയിലധികം ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയപ്പോൾ 27,91,062 പേർക്ക് ഒന്നോ അതിലധികമോ ജീവിത ശൈലി രോഗങ്ങളുടെ സാധ്യതകൾ കണ്ടെത്തിയിട്ടുണ്ട്. 9,13,484 പേർക്ക് കാൻസർ സാധ്യതയും 16,55,350 പേർക്ക് രക്താതി മർദവും 13,37,347 പേർക്ക് പ്രമേഹവും 6,26,522 പേർക്ക് രക്താതി മർദവും പ്രമേഹവും ഒരുമിച്ചും കണ്ടെത്തി. 2024-25 കാലഘട്ടത്തിൽ നടന്ന രണ്ടാം ഘട്ട സർവേയിൽ രോഗ സാധ്യത നിരക്കിൽ കുതിച്ചുചാട്ടമായിരുന്നു. ആദ്യ ഘട്ടത്തിൽ ഒഴിവാക്കിയ നഗര പ്രദേശങ്ങളിലെ ജനങ്ങളെ കൂടി ഉൾപ്പെടുത്തിയായിരുന്നു രണ്ടാം ഘട്ടം നടത്തിയത്. 1,43,94,851 പേരുടെ സർവേ പൂർത്തിയാക്കിയതിൽ 61,71,995 പേർ ജീവിത ശൈലി രോഗങ്ങൾക്കുള്ള സാധ്യത കണ്ടെത്തി. 2,65,645 പേർക്ക് കാൻസർ സാധ്യതയും 18,33,547 പേർക്ക് രക്താതി മർദവും 12,42,046 പേർക്ക് പ്രമേഹവും കണ്ടെത്തി. നഗരവത്കരണം, വ്യായാമമില്ലായ്മ, ഉയർന്ന സമ്മർദനില, അനാരോഗ്യകരമായ ഭക്ഷണരീതികൾ, അമിതമായ സ്‌ക്രീൻ സമയം എന്നിവയൊക്കെ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments