തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. പുത്തൻ ഉടുപ്പും ബാഗും കുടയുമായി വിദ്യാലയത്തിന്റെ പടി കേറാൻ കാത്തിരിക്കുകയാണ് കുരുന്നുകൾ. അവരുടെ കണ്ണുകൾ ഈറനണിയാതിരിക്കാൻ പ്രവേശനോത്സവം കളറാക്കാനാണ് സംസ്ഥാനത്തെ സ്‌കൂൾ അധികൃതരുടെ ശ്രമം. ‘പാഠം 1: പുതുയുഗ വിദ്യാലയം’ പ്രമേയത്തിലാണ് അധ്യയന വർഷം ആരംഭിക്കുന്നത്.സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി സി.പി ജോൺ, ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ജില്ലാ, ബ്ലോക്ക് തലങ്ങളിലും പ്രവേശനോത്സവം നടക്കും. 31 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ട് ലക്ഷത്തോളം കുരുന്നുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ പഠന സമയ ക്രമീകരണം തന്നെ ഈ അധ്യയന വർഷവും തുടരും. പ്രവേശനോത്സവ ദിനത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയുമെടുക്കും.



