മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്ലാന്റയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളിയായ നവവരനടക്കം രണ്ടുപേർ മരിച്ചു. വധുവിന് പരിക്കേറ്റു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ കെ.ടി. ജോർജിന്റെ മകൻ ഫിജി ജോർജിന്റെയും ഫേബയുടെയും മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. പരിക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) ചികിത്സയിലാണ്. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരിച്ച മറ്റൊരാൾ. മരിച്ച ഡേവ് ഫിജി ഡെൽറ്റ എയർലൈൻസ് പൈലറ്റാണ്.ജോർജിയ ഡോസൺ കൗണ്ടിയിൽ അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. വിവാഹസത്കാരം കഴിഞ്ഞ് വധൂവരൻമാർ റോബിൻസൺ ആർ 66 ഹെലികോപ്റ്ററിൽ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹെലികോപ്ടർ ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപാണ് തകർന്നുവീണത്. വിജന സ്ഥലമാണിത്. അപകടത്തേത്തുടർന്ന് ബോധരഹിതയായിപ്പോയ ജെസ്നി അഞ്ചുമണിക്കൂറോളം കഴിഞ്ഞ് ഉണർന്നപ്പോൾ വിവരം ഹെൽപ്പ്ലൈനിൽ വിളിച്ചറിയിക്കുകയായിരുന്നു.രക്ഷാപ്രവർത്തകരെത്തി ജെസ്‌നിയെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്റർ പുറപ്പെട്ടശേഷം കാലാവസ്ഥ മോശമായതും മരച്ചില്ലയിൽ തട്ടിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി.) അന്വേഷണം തുടങ്ങി.



