ന്യൂഡൽഹി: ബ്രിട്ടന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമബുദ്ധി (എഐ) നയങ്ങൾക്ക് ഇനി നേതൃത്വം നൽകുന്നത് ബിഹാർ സ്വദേശിയായ കനിഷ്ക നാരായൺ. ബ്രിട്ടന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രിയായി നിയമിതനായ നാരായൺ, പാർലമെന്റിലെത്തി വെറും രണ്ട് വർഷത്തിനുള്ളിലാണ് രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ഭരണപദവികളിലൊന്നിലേക്ക് എത്തിയത്.
ആഗോളതലത്തിൽ എഐ സാങ്കേതികവിദ്യയിൽ മുന്നിലെത്താൻ രാജ്യങ്ങൾ തമ്മിൽ മത്സരം ശക്തമാകുന്ന സാഹചര്യത്തിലാണ് നാരായണിന്റെ നിയമനം. എഐയുടെ ഭാവി നിർണയിക്കുന്നതിൽ ബ്രിട്ടന്റെ പങ്ക് ഉറപ്പാക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് നിയമനത്തിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി.“രാജ്യങ്ങൾ എഐയെ രൂപപ്പെടുത്തണമോ, അതോ എഐ രാജ്യങ്ങളെ രൂപപ്പെടുത്തണമോ എന്ന് തീരുമാനിക്കാൻ വളരെ ചെറിയൊരു സമയമാണ് മുന്നിലുള്ളത്. ബ്രിട്ടൻ ഇപ്പോൾ ആ നിർണായക ഘട്ടത്തിലാണ്,” കനിഷ്ക നാരായൺ എക്സിൽ കുറിച്ചു.
1989 നവംബറിൽ ബിഹാറിലെ മുജഫർപൂരിലാണ് കനിഷ്ക നാരായൺ ജനിച്ചത്. പിന്നീട് കുടുംബം ഡൽഹിയിലേക്ക് മാറുകയും, 12-ാം വയസിൽ വെയിൽസിലെ കാർഡിഫിലേക്ക് താമസം മാറ്റുകയും ചെയ്തു. ബ്രിട്ടനിലെത്തിയ ശേഷം മാതാപിതാക്കൾ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് നാരായൺ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. കുറഞ്ഞ വേതനത്തിലുള്ള ജോലികളും രാത്രികാല ജോലികളും ചെയ്യേണ്ടിവന്ന അവരുടെ അനുഭവങ്ങൾ സാമൂഹിക അവസരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്
കാർഡിഫിലെ സർക്കാർ സ്കൂളിൽ പഠിച്ച അദ്ദേഹം പിന്നീട് ബ്രിട്ടനിലെ പ്രശസ്തമായ ഈറ്റൺ കോളേജിൽ സ്കോളർഷിപ്പോടെ പ്രവേശനം നേടി. തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ബാലിയോൾ കോളേജിൽ നിന്ന് തത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയിൽ പഠനം പൂർത്തിയാക്കി. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎയും നേടി.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നാരായൺ ധനകാര്യം, വെഞ്ച്വർ ക്യാപിറ്റൽ, പൊതുനയം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും കമ്പനികൾക്കും സർക്കാരുകൾക്കും സാങ്കേതിക സംരംഭകർക്കുമായി ഉപദേശം നൽകുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ ലസാർഡ്യിൽ അദ്ദേഹം ജോലി ചെയ്തു. എഐ, ഫിൻടെക്, കാലാവസ്ഥാ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായിരുന്നു പ്രധാന ശ്രദ്ധ. പിന്നീട് ആറ്റോമിക്കോ, ക്ലോക്ക്ടവർ വെഞ്ച്വേഴ്സ് എന്നീ നിക്ഷേപ സ്ഥാപനങ്ങളുമായി ചേർന്ന് സാങ്കേതിക സ്റ്റാർട്ടപ്പുകളുമായി പ്രവർത്തിച്ചു. ബ്രിട്ടീഷ് സർക്കാരിൽ സാമ്പത്തിക വിദഗ്ധനായും മുതിർന്ന ഉപദേശകനായും സേവനം അനുഷ്ഠിച്ച അദ്ദേഹം മന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടന്റെ 25 വർഷത്തെ പരിസ്ഥിതി പദ്ധതിയുടെ രൂപീകരണത്തിലും പങ്കാളിയായി.
2024-ലെ ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർഥിയായി വെയിൽസിലെ വേൽ ഓഫ് ഗ്ലാമോർഗൺ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് നാരായൺ പാർലമെന്റിലെത്തിയത്. വെയിൽസിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ന്യൂനപക്ഷ എംപിയെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. 2025 സെപ്റ്റംബറിൽ എഐ, ഓൺലൈൻ സുരക്ഷ എന്നിവയുടെ പാർലമെന്ററി അണ്ടർ സെക്രട്ടറി പദവി ലഭിച്ചു. ആ കാലയളവിൽ എഐ, സെമികണ്ടക്ടർ മേഖലകളിൽ നൂറുകണക്കിന് മില്യൺ പൗണ്ടിന്റെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം പങ്കുവഹിച്ചു

