തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ സർക്കാറിനുള്ള അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്. എം.എസ്.സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഉണ്ടാകൂവെന്നും അദാനി പോർട്ട് വിശദീകരിച്ചു. സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമികധാരണയാണെന്നും വ്യക്തമാക്കി.അനുമതി തേടി സര്‍ക്കാറിന് നല്കിയ അപേക്ഷ പരിഗണിക്കുമ്പോള്‍ പുതുതായി നല്കിയ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം പെട്ടെന്ന് അപേക്ഷ നല്‍കേണ്ടി വന്നതിനാലാണ് വ്യക്തത വരുത്താന്‍ കഴിയാതിരുന്നതെന്നും വ്യക്തമാക്കി. എം.എസ്. എസിയുമായി ധാരണയായിട്ടുണ്ടെന്നും സെബിയുടെ അനുമതിയും കിട്ടിയെന്നുമായിരുന്നു അദാനി ഗ്രൂപ്പ് നേരത്തെ സര്‍ക്കാറിനെ അറിയിച്ചിരുന്നത്.
അതേസമയം, അദാനി ഗ്രൂപ്പിന്റെ സമ്മർദങ്ങള്‍ക്ക് വഴങ്ങരുതെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്. സര്‍ക്കാറിനെ അറിയിക്കാതെ ഓഹരി കൈമാറിയത് കരാര്‍ ലംഘനമാണെന്നും വിഴിഞ്ഞം തുറമുഖത്തെ ഇടപാടുകള്‍ സുതാര്യമാക്കണമെന്നും സംശയത്തിന്റെ കണികകള്‍ ഉണ്ടാകാന്‍ പാടില്ലെന്നുമായിരുന്നു ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.വിദേശനിക്ഷേപത്തിൽ പ്രതിപക്ഷ നേതാവടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ രാജ്യസുരക്ഷ, പൊതുജന താൽപര്യം തുടങ്ങിയ കാര്യങ്ങൾ അടക്കം പരിഗണിച്ചേ സംസ്ഥാന സർക്കാറിന് നിലപാടെടുക്കാനാവൂ. ഓഹരി വിൽപനക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നത് വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകുമെന്നാണ് റിപ്പോർട്ട്. അദാനി പോർട്ട് നേരത്തെ നൽകിയ അപേക്ഷയിലെ നിയമവശങ്ങൾ അടക്കം പരിശോധിക്കാനാണ് മുഖ്യമന്ത്രി തീരുമാനമെടുത്തിരുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് അപേക്ഷ ആദ്യം പരിശോധിക്കുക. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭായോഗ വിഷയം ചർച്ച ചെയ്യും. മന്ത്രിസഭയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നത്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറാനാണ് അദാനി ഗ്രൂപിന്റെ തീരുമാനം. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ എം.എസ്.സിയുടെ കണ്ടെയ്നർ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടി.ഐ.എൽ) ആണ് ഓഹരി വാങ്ങുന്നത്. 13,220 കോടി രൂപയാണ് ടി.ഐ.എൽ നിക്ഷേപിക്കുക. ൺ

