ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്മെന്റ് സംവിധാനത്തിൽ സൈബർ ആക്രമണം ഉണ്ടായതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. എച്ച്ഡിഎഫ്സി പേയ്മെന്റ് ഗേറ്റ്വേയുമായി സംയോജിപ്പിച്ചിട്ടുള്ള പോർട്ടലിലാണ് തകരാർ കണ്ടെത്തിയത്. അപേക്ഷ നൽകാൻ ശ്രമിച്ച അമ്പതോളം വിദ്യാർഥികളെയാണ് ബാധിച്ചത്.പോർട്ടലിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി ഐഐടി മദ്രാസിലെയും ഐഐടി കാൺപൂരിലെയും വിദഗ്ധ സംഘം നടപടികൾ ആരംഭിച്ചു. സിബിഎസ്ഇ വെബ്സൈറ്റിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പരിശോധിക്കുന്ന സംഘം, സുരക്ഷാ പരിശോധനകൾക്ക് ശേഷം സിബിഎസ്ഇക്ക് രഹസ്യ റിപ്പോർട്ട് സമർപ്പിക്കും. അതേസമയം, പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയത്തിനുള്ള പോർട്ടൽ നാളെ മുതൽ വീണ്ടും പ്രവർത്തനസജ്ജമാകും. സാങ്കേതിക തകരാർ മൂലം സി.യു.ഇ.ടി-യു.ജി പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന 3,765 വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം ലഭിക്കും. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ഭാഗത്തുണ്ടായ പിഴവുമൂലം രാവിലെ രണ്ടുമണിക്കൂറോളം പരീക്ഷ തടസ്സപ്പെട്ടിരുന്നു. പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുള്ള പുതിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉടൻ പ്രഖ്യാപിക്കും.



