Thursday, May 14, 2026
No menu items!
Homeവാർത്തകൾവിഡി സതീശൻ മുഖ്യമന്ത്രി

വിഡി സതീശൻ മുഖ്യമന്ത്രി

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമം. കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന നിർണ്ണായക കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഹൈക്കമാൻഡ് പ്രതിനിധികൾ തീരുമാനം അറിയിച്ചത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ വി.ഡി. സതീശൻ ഭരണത്തലവനാകണമെന്ന നിലപാടിലേക്ക് പാർട്ടി നേതൃത്വം എത്തുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസിനുള്ളിൽ കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നു. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും സജീവമായി ഉയർന്നു വന്നെങ്കിലും ഒടുവിൽ സതീശന് നറുക്കുവീഴുകയായിരുന്നു.

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷികൾ വി.ഡി. സതീശന്റെ നേതൃത്വത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിണറായി സർക്കാരിനെതിരെ സതീശൻ നടത്തിയ ശക്തമായ പോരാട്ടങ്ങളാണ് ഭരണവിരുദ്ധ തരംഗം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ചതെന്ന് ഹൈക്കമാൻഡ് വിലയിരുത്തി.
കേരളത്തിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നുവെന്നും ഒരു പുതിയ മുഖം നേതൃത്വത്തിലേക്ക് വരുന്നത് പാർട്ടിയുടെ ഭാവിക്ക് ഗുണകരമാകുമെന്നും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നിലപാടെടുത്തു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് യു.ഡി.എഫ് നേടിയത്. 140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.

യു.ഡി.എഫ് – 102

എൽ.ഡി.എഫ് – 35

എൻ.ഡി.എ – 03

കോൺഗ്രസ് ഒറ്റയ്ക്ക് 63 സീറ്റുകൾ നേടിയപ്പോൾ, മുസ്ലിം ലീഗ് 22 സീറ്റുകളുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഭരണവിരുദ്ധ തരംഗത്തിൽ എൽ.ഡി.എഫിലെ 21 മന്ത്രിമാരിൽ 13 പേരും പരാജയപ്പെട്ടത് ഇടത് മുന്നണിക്ക് കനത്ത തിരിച്ചടിയായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (നേമം), വി. മുരളീധരൻ (കഴക്കൂട്ടം) എന്നിവരടക്കം മൂന്ന് സീറ്റുകൾ നേടി എൻ.ഡി.എയും സാന്നിധ്യമറിയിച്ചു.

ഡൽഹിയിലെ ഐ.സി.സി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ എം.എൽ.എമാരുമായി നടത്തിയ ചർച്ചയിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സഖ്യകക്ഷികളുടെ സമ്മർദ്ദവും പൊതുജനവികാരവും കണക്കിലെടുത്ത് ഹൈക്കമാൻഡ് സതീശനെ തിരഞ്ഞെടുക്കുകയായിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ പരിഹാസം ഉയർത്തിയിരുന്നു. ഭരണസ്തംഭനം ഉണ്ടാകുന്നുവെന്ന ആക്ഷേപങ്ങൾക്കിടയിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സതീശൻ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments