Sunday, October 11, 2026
No menu items!
Homeവാർത്തകൾ'മോദി ഇന്ത്യക്ക് അപമാനം, രാജ്യം കണ്ട ഏറ്റവും വലിയ ഭീരു'; കസ്റ്റഡി മോചനത്തിന് പിന്നാലെ ആഞ്ഞടിച്ച്...

‘മോദി ഇന്ത്യക്ക് അപമാനം, രാജ്യം കണ്ട ഏറ്റവും വലിയ ഭീരു’; കസ്റ്റഡി മോചനത്തിന് പിന്നാലെ ആഞ്ഞടിച്ച് അഭിജിത്ത് ദീപ്‌കെ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾക്കെതിരെ ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിനിടെ കസ്റ്റഡിയിലായ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ദേശീയ കൺവീനർ അഭിജിത്ത് ദീപ്‌കെ 24 മണിക്കൂർ നീണ്ട തടങ്കലിൽ നിന്ന് മോചിതനായി. മോചനത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ദീപ്‌കെ പ്രതികരിച്ചത്. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി ഇന്ത്യക്ക് തന്നെ അപമാനമാണെന്നും ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിനുള്ളിൽ കയറി പോലീസ് കസ്റ്റഡിയിലെടുത്ത ദീപ്‌കെയ്‌ക്കൊപ്പം സി.ജെ.പി സഹ-കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് വിട്ടയച്ചു. ഒരു വർഷത്തേക്ക് സമാധാനലംഘനം നടത്തരുത് എന്ന വ്യവസ്ഥയിലാണ് ഇവരെ മോചിപ്പിച്ചതെന്ന് സി.ജെ.പി ലീഗൽ സെൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.18-ന് എത്തിയ എ.ഐ 2428 വിമാനം പ്രത്യേകമായി റിമോട്ട് ബേയിലേക്ക് മാറ്റിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. സമരം ഇന്നും തുടരും; കേന്ദ്ര ഡൽഹി പൂർണമായി അടച്ചുപൂട്ടി പോലീസ് മുതിർന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും സമരം പിൻവലിക്കില്ലെന്നും ഞായറാഴ്ചയും ജന്തർമന്തറിലേക്ക് മാർച്ച് നടത്തുമെന്നും സി.ജെ.പി വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പാർട്ടി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന അജിൻക്യ ഷിൻഡെ വ്യക്തമാക്കി: “ദീപ്‌കെയെയും സൗരവ് ദാസിനെയും അശുതോഷിനെയും കസ്റ്റഡിയിലെടുത്താൽ സമരം നിലയ്ക്കുമെന്ന് സർക്കാർ കരുതി. എന്നാൽ ഞങ്ങൾ ഒരടി പോലും പിന്നോട്ടില്ല. ഗ്യാനേഷ് കുമാർ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ല.” — അജിൻക്യ ഷിൻഡെ പറഞ്ഞു. ശനിയാഴ്ചത്തെ വൻ പോലീസ് നടപടിയിൽ ഏഴായിരത്തോളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നും ജന്തർമന്തറിലേക്ക് പ്രക്ഷോഭകർ എത്തുമെന്ന പ്രഖ്യാപനത്തെ തുടർന്ന് ഡൽഹി പോലീസ് തലസ്ഥാനത്തിന്റെ അതിർത്തികൾ ബാരിക്കേഡുകൾ വെച്ച് അടയ്ക്കുകയും 30 കേന്ദ്രങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ട്രെയിൻ-മെട്രോ സർവീസുകൾ നിർത്തിവെച്ചതിനെതിരെയുള്ള കോടതി ഉത്തരവ് ലംഘിച്ചെന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡൽഹിയിൽ വീണ്ടും പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments