Saturday, October 10, 2026
No menu items!
Homeവാർത്തകൾഗ്യാനേഷിനെ രക്ഷിക്കാൻ മോദി സർക്കാർ മരണവെപ്രാളം കാണിക്കുന്നു, തിങ്കളാഴ്ച ഡൽഹി ഇന്നേവരെ കാണാത്ത സമരം കാണും:...

ഗ്യാനേഷിനെ രക്ഷിക്കാൻ മോദി സർക്കാർ മരണവെപ്രാളം കാണിക്കുന്നു, തിങ്കളാഴ്ച ഡൽഹി ഇന്നേവരെ കാണാത്ത സമരം കാണും: കെ.സി വേണുഗോപാൽ

ആലപ്പുഴ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ ബിജെപി മരണവെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇത് വൈകാതെ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡൽഹി ഇതേവരെ കണ്ടിട്ടില്ലാത്ത സമരം കാണുമെന്നും കെ.സി പറഞ്ഞു. നരേന്ദ്രമോദി സർക്കാർ ‘പാനിക്’ ആയിട്ടുണ്ടെന്നും അതിന്‍റെ ഭാഗമാണ് ഇതുവരെ കാണാത്ത പല കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനുള്ള മോദിയുടേയും ഷായുടേയും മരണവെപ്രാളം അവരുടെ പതനത്തിലേക്ക് തന്നെയേ അവസാനം കൊണ്ടെത്തിക്കുകയുള്ളൂ. വളരെ പാനിക് സിറ്റുവേഷനിലാണ് മോദി സർക്കാറുള്ളതെന്ന് നമുക്ക് കാണാനാകും. അതിന്‍റെ ലക്ഷണങ്ങളാണ് ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കുക, മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടുക എന്നിവയുടെ രൂപത്തിൽ നമുക്ക് മുന്നിലുള്ളത്. ഡൽഹി ഇന്നേവരെ കാണാത്ത സമരം വരാൻ പോകുന്നേയുള്ളൂ. ഗ്യാനേഷ് കുമാർ രാജിവെച്ച് പോകുന്നത് മാത്രമേ ഇതിനെല്ലാം പരിഹാരമേകുകയുള്ളൂ’. കെ.സി വ്യക്തമാക്കി. കേരളത്തിൽ ബിജെപിയെന്ന പാർട്ടിയുണ്ടെങ്കിൽ പിരിച്ചുവിടണമെന്നും കേരളത്തിൽ എയിംസ് വരുമെന്ന് 2014 മുതൽ ഈ പാർട്ടിക്കാർ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു. സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടെയാണ് കെ.സിയുടെ പ്രതികരണം. പ്രതിഷേധത്തിനെത്തിയ യൂട്യൂബർ ധ്രുവ് റാഠി, സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്‌, അശുതോഷ് റങ്ക എന്നിവരെയും സിപിഎം-സിപിഐ ഇടതുപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിജെപി നേതാക്കളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. ഗുഡ്ഗാവിലെ വീട്ടിൽ വെച്ചാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സമരം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സേനാവിന്യാസമാണ് നടത്തിയിരിക്കുന്നത്. സമര കേന്ദ്രമായ ജന്തര്‍ മന്തര്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ജന്തര്‍ മന്തറിലേക്ക് ആരും എത്തരുതെന്നും കൂട്ടംകൂടി നിന്നാല്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് ഡല്‍ഹി പൊലീസിന്റെ മുന്നറിയിപ്പ്. നാല് കിലോമീറ്റർ ചുറ്റളവില്‍ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. ഇത് എട്ട് കിലോമീറ്റർ വരെ വ്യാപിപ്പിച്ചിട്ടുണ്ട്. സമരത്തെ നേരിടാനായി മാത്രം 20,000ല്‍ ഏറെ പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. സമരക്കാരെ കസ്റ്റഡിയിലെടുത്ത് മാറ്റുന്നതിനായി 30 താല്‍ക്കാലിക തടങ്കല്‍ പാളയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 300 കാമറകള്‍ ജന്തര്‍ മന്തര്‍ മേഖലയില്‍ സ്ഥാപിച്ചു. സമരക്കാര്‍ എത്തുന്നത് തടയാന്‍ 45 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടുമുണ്ട്.ജന്തര്‍ മന്തറിലേക്ക് എത്താനുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്. ജമ്മു-കശ്മീരില്‍ നിന്നും ഛത്തിസ്ഗഢിലെ നക്സല്‍ ബാധിത മേഖലകളില്‍ നിന്നും അമര്‍നാഥ് യാത്രയുടെ സുരക്ഷക്ക് നിയോഗിച്ച സംഘങ്ങളില്‍ നിന്നും വരെ പിന്‍വലിച്ച 20,000ലേറെ സിആര്‍പിഎഫ് ജവാന്മാരെ ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിന് ചുറ്റും നിരോധനാജ്ഞയുണ്ട്. ഇവിടേക്കുള്ള മിക്ക പാതകളിലും ബാരിക്കേഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments