Thursday, May 7, 2026
No menu items!
Homeവാർത്തകൾമുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ബാനർജി. ഇത് തെരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറിക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധമാണെന്ന്...

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ബാനർജി. ഇത് തെരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറിക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധമാണെന്ന് മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ബാനർജി. തന്റെ ഈ തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറിക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധമാണെന്ന് മമത വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് വേണമെങ്കിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താമെന്നും തന്നെ പുറത്താക്കാമെന്നും അവർ വെല്ലുവിളിച്ചു.കാളിഘട്ടിലെ വസതിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ യോഗത്തിലാണ് മമത തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ‘കൊള്ളയടിച്ചു’ എന്നും വോട്ടെണ്ണലിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നുവെന്നും ആരോപിച്ച മമത, ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.”അവർക്ക് വേണമെങ്കിൽ എന്നെ പിരിച്ചുവിടാം. ഇതൊരു കറുത്ത ദിനമായി ചരിത്രത്തിൽ രേഖപ്പെടുത്തട്ടെ” മമത പറഞ്ഞു. അട്ടിമറിയിൽ പ്രതിഷേധിച്ചു നിയമസഭയുടെ ആദ്യ ദിനം തൃണമൂൽ അംഗങ്ങൾ കറുത്ത വസ്ത്രം ധരിക്കണമെന്ന് മമത നിർദേശിച്ചു. കൂടാതെ പാർട്ടിയെ ഒറ്റിക്കൊടുത്തവരെ പുറത്താക്കാൻ പ്രത്യേക അച്ചടക്ക സമിതി രൂപീകരിക്കുമെന്നും മമത അറിയിച്ചു.നിലവിലെ നിയമസഭയുടെ കാലാവധി ഇന്നാണ് അവസാനിക്കുന്നത്. അതുവരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് മമത അറിയിച്ചിരിക്കുന്നത്. 2011-ൽ അധികാരത്തിൽ വന്നതിന് ശേഷം തൃണമൂൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. 294 അംഗ സഭയിൽ 207 സീറ്റുകൾ നേടി ബി.ജെ.പി ചരിത്ര വിജയം കുറിച്ചപ്പോൾ തൃണമൂൽ 80 സീറ്റുകളിലേക്ക് ഒതുങ്ങി.അതേസമയം പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രി മെയ് ഒമ്പതിന് രാവിലെ പത്ത് മണിക്ക് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ബി.ജെ.പി അറിയിച്ചു. ഇന്ന് ചേരുന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗം പുതിയ നേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം സുവേന്ദു അധികാരി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് കരുതുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments