മലയിന്‍കീഴ് : നാല് പ്രധാന റോഡുകള്‍ ഒന്നിക്കുന്ന കവലയാണ് മലയിന്‍കീഴ്. പക്ഷെ തിരിഞ്ഞുനില്‍ക്കാന്‍ പോലും ഇവിടെ ഇടമില്ല. കണ്ണൊന്ന് തെറ്റിയാല്‍ അപകടം ഉറപ്പെന്ന അവസ്ഥയായി മാറിയിരിക്കുകയാണ്.
മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് ഒരുവശത്ത്. റോഡിലേക്ക് ഇറക്കികെട്ടിയുള്ള വ്യാപാരികളുടെ അനധികൃത നിര്‍മ്മിതികള്‍ മറുവശത്ത്. ഇതിനിടയില്‍ ശ്വാസം മുട്ടുകയാണ് പ്രദേശവാസികളും യാത്രക്കാരും. ആയിരക്കണക്കിന് വാഹനങ്ങളാണ് മലയിന്‍കീഴ് ജങ്ഷന് വഴി കടന്നുപോകുന്നത്. കാട്ടാക്കട, തിരുവനന്തപുരം, ഊരൂട്ടമ്പലം, പാപ്പനംകോട് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന നാല് റോഡുകളുടെ സംഗമസ്ഥാനത്ത് റോഡിന്റെ വീതിക്കുറവ് തന്നെയാണ് പ്രധാന പ്രശ്നം. അലക്ഷ്യമായി വാഹനങ്ങള്‍ കൂടി പാര്‍ക്കു ചെയ്യുന്നതോടെ അപകടസാധ്യത രൂക്ഷമാക്കുന്നു.
ഓടകള്‍ക്ക് മുകളിലെ കയ്യേറ്റം
കാല്‍നടക്കാര്‍ക്ക് നടന്നുപോകാനുള്ള നടപ്പാതകളും ഓടകളുടെ മുകളിലെ സ്ലാബുകളും ഇപ്പോള്‍ കച്ചവടക്കാരുടെ ബോര്‍ഡുകളും സാധനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കച്ചവടക്കാരുടെ ഇത്തരം പ്രവര്‍ത്തികളില്‍ പഞ്ചായത്തോ പോലീസോ ഇടപെടുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല. പഞ്ചായത്ത് അധികാരികള്‍ കണ്ണടച്ചമട്ടാണിവിടെ. കടകളുടെ ഷെഡുകളും ഡിസ്പ്ലേകളും റോഡിലേക്ക് ഇറക്കി നിര്മ്മിച്ചിരിക്കുന്നതുകാരണം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.
ഗതാഗത കുരുക്ക്
രാവിലെ എന്നോ വൈകുന്നേരമെന്നോ വ്യത്യാസമില്ലാതെയാണ് ഇവിടെ കുരുക്ക് മുറുകുന്നത്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര വാഹനങ്ങള്‍ പോലും ചില സമയങ്ങളില്‍ ഇവിടം കടന്നുപോകാന്‍ പ്രയാസമാണ്. നടപ്പാതയില്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡിലൂടെ കയറി നടന്നു പോകേണ്ട ഗതികേടാണ്. സ്ക്കൂള് പ്രവര്‍ത്തി ദിനങ്ങളില്‍ അപകടങ്ങളുടെ ആക്കം കൂട്ടുന്നു. കുട്ടികളും വയോധികരുമാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്.അനധികൃത കയ്യേറ്റങ്ങള്‍ ഉടനടി ഒഴിപ്പിക്കണമെന്നും റോഡിലേക്ക് ഇറക്കിവച്ചിരിക്കുന്ന കച്ചവട സാമഗ്രികളും ബോര്‍ഡുകളും നീക്കം ചെയ്യണമെന്നും തദ്ദേശ ഭരണകൂടവും പോലീസും അടിയന്തരമായി പ്രശ്നത്തിലിടപെട്ടില്ലെങ്കില് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

