ദില്ലി: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കാണും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. പാര്‍ട്ടി അജണ്ടകള്‍ സന്ദര്‍ശനത്തിലുണ്ടോയെന്ന് നിലവിൽ വ്യക്തമല്ല.
പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ കേളത്തിന്‍റെ വികസനം ചർച്ചയായേക്കും. വിവിധ പദ്ധതികളുടെ നടത്തിപ്പിന് സർക്കാരിന് കേന്ദ്ര സഹായം ആവശ്യമാണ്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇത്തരം പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിക്കു മുന്നിലെ പ്രധാന ദൌത്യം.
കഴിഞ്ഞ ആഴ്ച ദില്ലിയിലെത്തി മുതിർന്ന നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഘാർഗയെയും കണ്ടതിന് ശേഷമാണ് തിരിച്ചുവന്നത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങളും ചർച്ചയായി



