Saturday, August 1, 2026
No menu items!
Homeവാർത്തകൾകേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലയുടെ ആദ്യ ഓണ്‍-ക്യാംപസ് അക്കാദമിക് പരിപാടിയായ എം.എസ്.സി മെഡിക്കല്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ് കോഴ്സ്, പൊതുജനാരോഗ്യ ബോധവല്‍ക്കരണത്തിനായുള്ള യൂട്യൂബ് ചാനല്‍, വിവിധ അക്കാദമിക് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാസ്റ്റര്‍ ക്ലാസുകള്‍ ഒരുക്കുന്ന ഇ-ലേണിംഗ് സ്റ്റുഡിയോ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നടത്തിയത്

ചടങ്ങിൽ വെച്ച് ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയും കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെയും സ്ഥാപിച്ച ഔഷധസസ്യോദ്യാനവും മന്ത്രി നാടിന് സമർപ്പിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും, ഇതിലൂടെ വിദ്യാര്‍ഥികളും പ്രൊഫഷണലുകളും മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പോകുന്ന പ്രവണത കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ആശുപത്രികളുടെയും മെഡിക്കല്‍ കോളേജുകളുടെയും അടിസ്ഥാനസൗകര്യ വികസനത്തിന് സ്വകാര്യ മേഖലയുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ബാങ്കുകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും സി.എസ്.ആര്‍. ഫണ്ടുകള്‍ ഇതിനായി ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രികളിലെത്തുന്ന ഓരോ രോഗിക്കും ഗുണമേന്മയുള്ള ചികിത്സയും കിടക്കയും ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

സര്‍വകലാശാലയുടെ യൂട്യൂബ് ചാനല്‍ ഉദ്ഘാടനം ചെയ്ത മന്ത്രി, ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ആരോഗ്യവിവരങ്ങളും കോവിഡ്-19, അവയവദാനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണങ്ങളും വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോഗ്യവിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍വകലാശാല കൈക്കൊണ്ട സംരംഭം സമൂഹത്തിന് വലിയ അനുഗ്രഹമാകുമെന്ന് അഭിപ്രായപ്പെട്ടു.

ഔഷധസസ്യോദ്യാനം ഉദ്ഘാടനം ചെയ്തുകൊണ്ട്, ആയുര്‍വേദ മേഖല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയായ ഔഷധസസ്യങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ഈ സംരംഭം സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. പാമ്പുകടിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സര്‍വകലാശാല നടത്തുന്ന ഇടപെടലുകളെയും അദ്ദേഹം അഭിനന്ദിച്ചു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജിനെ സര്‍വകലാശാലയുടെ ഘടക കോളജായി മാറ്റണമെന്ന ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചത് ആരോഗ്യ ഗവേഷണത്തിന് നേട്ടമാവുമെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ അഭ്യര്‍ഥിക്കുന്നതായും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

കേരള വനഗവേഷണ സ്ഥാപനത്തിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി. സുജനപാലും ചടങ്ങില്‍ പങ്കെടുത്തു. സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.പി. വിജയന്‍ ചടങ്ങിന് സ്വാഗതവും രജിസ്ട്രാര്‍ പ്രൊഫ. ഡോ. എസ്. ഗോപകുമാര്‍ നന്ദിയും രേഖപ്പെടുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments