Wednesday, June 10, 2026
No menu items!
Homeവാർത്തകൾഇന്ത്യാ സഖ്യം നേതൃയോഗം; വിവാദങ്ങളും, കുറ്റപ്പെടുത്തലുകളും അവസാനം ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങാനുള്ള തീരുമാനവും

ഇന്ത്യാ സഖ്യം നേതൃയോഗം; വിവാദങ്ങളും, കുറ്റപ്പെടുത്തലുകളും അവസാനം ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങാനുള്ള തീരുമാനവും

ന്യൂഡൽഹി: സുദീർഘമായ ഇടവേളക്കുശേഷം തിങ്കളാഴ്ച ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ സമ്മേളിച്ച 23 അംഗ ഇൻഡ്യാ സഖ്യം വിവാദങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമൊടുവിൽ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചാണ് പിരിഞ്ഞിരിക്കുന്നത്. ഇനിമേൽ രണ്ടുമാസത്തിലൊരിക്കൽ സമ്മേളിക്കാമെന്ന് സഖ്യം തീരുമാനിച്ചിട്ടുമുണ്ട്. ഇത് ഉൾപ്പെടെ അഞ്ചിന പരിപാടിയാണ് ഇൻഡ്യ ഏകകണ്ഠമായി അംഗീകരിച്ചിരിക്കുന്നത്. വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടും തെരഞ്ഞെടുപ്പ് അട്ടിമറിയും ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഉടൻ സംയുക്ത കത്തയക്കും; നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകളിൽ ലക്ഷക്കണക്കിന് വിദ്യാർഥികളെ വഞ്ചിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടും; കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യാൻ കേന്ദ്രം അടിയന്തരമായി സർവകക്ഷി യോഗം വിളിക്കാൻ ആവശ്യപ്പെടും; പാർലമെന്റ് വർഷകാല സമ്മേളനത്തിൽ സംയുക്ത പ്രതിരോധം തീർക്കാൻ എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ ഏകോപന യോഗം ചേരും എന്നിവയാണ് പരിപാടിയിലെ പ്രഖ്യാപിത ഇനങ്ങൾ. നിലവിലെ സാഹചര്യത്തിൽ അതിപ്രധാനവും പ്രസക്തവുമാണ് ഈ കാര്യങ്ങളെന്ന് സമ്മതിക്കണം. ബി.ജെ.പി സർക്കാറിന്റെ പാവമാത്രമായ ഇലക്ഷൻ കമീഷൻ എസ്.ഐ.ആറിലൂടെ ദശലക്ഷക്കണക്കിന് പൗരരുടെ വോട്ടവകാശം നിഷേധിച്ചുകൊണ്ട് നടത്തിയ ബിഹാർ, അസം, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകൾ സ്വാഭാവികമായും കേന്ദ്രം ഭരിക്കുന്ന തീവ്രഹിന്ദുത്വ കക്ഷിയുടെ മേധാവിത്വം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും നുഴഞ്ഞുകയറ്റക്കാരെന്നും ഇന്ത്യൻ പൗരത്വമില്ലാത്തവരെന്നും സംഘ്പരിവാർ ആരോപിച്ച, മതന്യൂനപക്ഷ-അധഃസ്ഥിത വിഭാഗങ്ങളെ കൂട്ടത്തോടെ വോട്ടവകാശം നിഷേധിക്കുകവഴി ഭരണം പിടിച്ചെടുക്കാൻ സാധിച്ച ബി.ജെ.പി തുടർന്ന് റേഷൻ ഉൾപ്പെടെ സമസ്ത പൗരാവകാശങ്ങളും വിലക്കുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണിപ്പോൾ. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലും ചരിത്രം ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തങ്ങളുടെ ജനവിരുദ്ധ സർക്കാറുകൾക്ക് അധികാരത്തിൽ തുടരാനാവില്ലെന്ന് കാവിപ്പടക്ക് ബോധ്യപ്പെട്ടതാണ് കാരണം. സുപ്രീംകോടതിക്ക് കത്തെഴുതിയതുകൊണ്ടു മാത്രം പുനഃപരിശോധന സാധ്യമാവുമെന്ന പ്രതീക്ഷ സഫലമാവണമെന്നില്ല. അതുപോലെ നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ അതിഗുരുതരമായ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടാനുള്ള സാധ്യതയും സംശയകരമാണ്. ‘കോക്രോച്ച് ജനത പാർട്ടിയുടെ ബാനറിൽ സമരരംഗത്തിറങ്ങിയ യുവജന കൂട്ടായ്മയുമായി സഹകരിക്കാൻ ഇൻഡ്യാ സഖ്യം തയാറായാൽ സർക്കാർ ഒരുവേള കണ്ണുതുറക്കാൻ നിർബന്ധിതമായേക്കും.അതേസമയം ഇൻഡ്യ സഖ്യത്തിന്റെ ഭാവിയും എത്രത്തോളം ശുഭകരമാണെന്ന ആലോചനക്ക് തീർച്ചയായും പ്രസക്തിയുണ്ട്. പല കാരണങ്ങളാൽ ബി.ജെ.പിക്കും മോദി സർക്കാറിനുമെതിരെ നിലപാടെടുക്കുന്ന ആപ്, ഇൻഡ്യയുടെ ഭാഗമല്ല. ഇൻഡ്യയിലെ സജീവ ഘടകമായ ഡി.എം.കെയാകട്ടെ യോഗം ബഹിഷ്‍കരിക്കുകതന്നെ ചെയ്തു. തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയുടെ ഭാഗമായി മത്സരിച്ച്, ഏതാനും സീറ്റുകൾ നേടിയെടുത്ത കോൺഗ്രസ് തങ്ങളോട് ആലോചിക്കുകപോലും ചെയ്യാതെ നടൻ ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെ സർക്കാറിൽ ചേർന്നതാണ് പ്രകോപനം. ഡി.എം.കെ മുന്നണിയിലായിരുന്നില്ലെങ്കിൽ കോൺഗ്രസിന് സീറ്റുകളൊന്നും ലഭിക്കുമായിരുന്നില്ലെന്ന് സാമാന്യമായി കരുതാനാവും. കോൺഗ്രസിന് അതിന്റേതായ ന്യായങ്ങളുണ്ടാവാം. പക്ഷേ, നിതീഷ്‍കുമാറിനെപ്പോലുള്ളവർ ഇൻഡ്യ വിട്ടുപോയപ്പോഴും അതിലുറച്ചുനിന്ന് മോദി സർക്കാറിനോടും ബി.ജെ.പിയോടും പൊരുതിയ ഡി.എം.കെയെ ഒന്നോ രണ്ടോ മന്ത്രിസ്ഥാനങ്ങൾക്കുവേണ്ടി കൈയൊഴിഞ്ഞുവെന്ന പരിഭവം സ്റ്റാലിനും പാർട്ടിക്കുമുണ്ടാവുക സ്വാഭാവികം. ഇൻഡ്യയുടെ മറ്റു ഘടക പാർട്ടികൾ പ്രശ്നം യോഗത്തിൽ ഉന്നയിക്കുകയുമുണ്ടായി.ബി.ജെ.പിയുമായി സി.പി.എം ഡീലുണ്ടാക്കിയെന്ന് കേരള നിയമസഭാ തെരഞ്ഞെടുപ്പ് കാമ്പയിനിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയതിനെ ഇൻഡ്യ സഖ്യ നേതൃയോഗത്തിൽ സി.പി.എം പ്രതിനിധി ജോൺ ബ്രിട്ടാസും വിമർശിച്ചു. പാർലമെന്റിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ, മുന്നണി ഘടകപാർട്ടികളെ ഒരുപരിധിവരെ പരിഗണിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യണമെന്നത് ന്യായമായ ആവശ്യമാണ്. ഭരണഘടനയുടെ അന്തസ്സത്ത തീർത്തും മറികടന്ന് ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും വഴിയേ അതിശീഘ്രം കുതിക്കുന്ന തീവ്രഹിന്ദുത്വ ശക്തിക്കെതിരെയാണ് ദുർബലരായ പ്രതിപക്ഷ പാർട്ടികൾക്ക് പൊരുതി ജയിക്കേണ്ടത്. ഒ.ബി.സി, ദലിത്, മതന്യൂനപക്ഷങ്ങളടങ്ങുന്ന യഥാർഥ ഭൂരിപക്ഷത്തിന്റെ സൗമനസ്യവും പിന്തുണയും മാത്രമാണ് അവർക്കവലംബം. സഹസ്രകോടികൾ മുതലിറക്കി അവരിൽ പലരെയും വിലക്കെടുക്കാനും തീവ്രവലതുപക്ഷത്തിന് കഴിയുമെന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു. ഇത്തരമൊരു ദശാസന്ധിയിൽ മതേതര സഖ്യം പരമാവധി വിട്ടുവീഴ്ചയോടും സംയമനത്തോടും കൂടി സഹകരിച്ച് മുന്നേറിയാലേ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സംവിധാനം അതിജീവിക്കൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments