Saturday, June 20, 2026
No menu items!
Homeവാർത്തകൾസാമ്പത്തിക ഞെരുക്കം പ്രകടമാകുന്ന ബഡ്ജറ്റ്; പ്രതീക്ഷനൽകി ദിശാബോധം നൽകുന്ന വികസന പദ്ധതികൾ

സാമ്പത്തിക ഞെരുക്കം പ്രകടമാകുന്ന ബഡ്ജറ്റ്; പ്രതീക്ഷനൽകി ദിശാബോധം നൽകുന്ന വികസന പദ്ധതികൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം വരുംവർഷങ്ങളിലും രൂക്ഷമായി തുടരുമെന്നാണ് ബജറ്റ് രേഖകൾ നൽകുന്ന സൂചന. ശമ്പളം, പെൻഷൻ അടക്കം ബാധ്യതകളും പലിശഭാരവും കുതിച്ചുയരും. റവന്യൂ കമ്മിയിലും ധനക്കമ്മിയിലും ശതമാനത്തിൽ മാറ്റം വരാമെങ്കിലും മുകളിലേക്കാണ്. അതേസമയം ചെലവുകൾക്ക് പണം കണ്ടെത്താൻ ഇടപെടലുണ്ടാകുമെന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്‍റെ ആവേശം ചോരാതിരിക്കാനാവാം, ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കുന്ന കടുത്ത നടപടികൾ കൈക്കൊണ്ടില്ല. ചുരുക്കം ചില മേഖലകളിൽ ഇളവും നൽകി. പുതുതലമുറയെ അഭിസംബോധന ചെയ്യുന്നതിനൊപ്പം ദിശാബോധം നൽകുന്ന കൂടുതൽ വികസന പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചു. അത്തരം പദ്ധതികൾക്ക് സ്വകാര്യ മുതൽമുടക്കിനാകും ഊന്നൽ. സർക്കാർ മുതൽമുടക്ക് അടിസ്ഥാന സൗകര്യങ്ങളിലേക്ക് ചുരുക്കുന്നെന്ന ദിശാമാറ്റം പ്രകടമാണ്. സ്വകാര്യമേഖലയാകും പദ്ധതികൾക്ക് പണം മുടക്കുക. മിഷൻ സമുദ്ര, ദക്ഷിണ സാമ്പത്തിക മേഖല, ഏവിയേഷൻ ഹബ്ബ്, ഇൻവെസ്റ്റ് കേരളം സെൽ, ഗ്ലോബൽ ജോബ് വാച്ച് ടവർ, നോളജ് വാലി, മെഡിക്കൽ സിറ്റി, ഇൻവെസ്റ്റ്മെന്റ് സോൺ തുടങ്ങി പദ്ധതികൾ നിരവധിയാണ്. സ്വപ്നപദ്ധതികൾ മിക്കതും ട്രാക്കിലാകാൻ സമയമെടുക്കും. അവ നടപ്പാക്കാൻ വെല്ലുവിളികളുമേറെ. നടപ്പായാൽ മുഖഛായ മാറ്റാൻ കഴിയുന്നതുമാണ്. പ്രഖ്യാപിച്ച പദ്ധതികൾതന്നെ നടപ്പാക്കാൻ പണമുണ്ടോയെന്ന് കൃത്യമായി പറയുന്നില്ല. ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, റബറിന്‍റെ താങ്ങുവില വർധന, മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ സബ്സിഡി വർധന, വൺ കേരള കരുതൽ മിഷൻ അടക്കം ക്ഷേമ-ആശ്വാസ പദ്ധതികൾ ബജറ്റിന് തിളക്കം നൽകുന്നു. ജീവനക്കാരെ വിസ്മയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. ഡി.എ കുടിശ്ശിക, പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ വിഷയങ്ങളിൽ അനുകൂല തീരുമാനമില്ല. ശമ്പള പരിഷ്കരണ പരാമർശവുമില്ല. ക്ഷേമപെൻഷൻ വർധന വാഗ്ദാനവും ഇടംപിടിച്ചില്ല. പെട്രോൾ-ഡീസൽ നികുതി കുറക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഭാവി കേരളത്തിന്‍റെ ബ്ലൂ പ്രിന്റെന്നാണ് ബജറ്റിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചതെങ്കിൽ അല്ലെന്നാണ് പ്രതിപക്ഷ വിമർശം. ആദ്യ ബജറ്റ് പ്രതീക്ഷിച്ചതിനെക്കാൾ കേന്ദ്രവിഹിതത്തിൽ ഇക്കൊല്ലം 20,500 കോടി കുറവുവരുമെന്ന് കണക്കാക്കുന്നു. അതുകൊണ്ട് കഴിഞ്ഞ ബജറ്റിലെ പദ്ധതി വിഹിതം 35,750 കോടിയിൽനിന്ന് 30,370 കോടിയായി കുറച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിവിഹിതം 44,574 ൽനിന്ന് 39,170 കോടിയായി താഴും. അതോടെ ആകെ ബജറ്റ് ചെലവ് കഴിഞ്ഞ ബജറ്റിലെ 2,39,907 കോടിയിൽനിന്ന് 2,27,567 കോടിയിലേക്കും താഴ്ത്തിയിട്ടുണ്ട്. പദ്ധതി വെട്ടിക്കുറച്ചതിന്റെ പ്രത്യാഘാതം പട്ടികവിഭാഗം ഒഴികെ വകുപ്പുകളുടെ പദ്ധതിവിഹിതത്തിൽ പ്രതിഫലിക്കും. പുതുക്കിയ ബജറ്റിൽ ഇക്കൊല്ലം റവന്യൂകമ്മി 35,355.30 കോടിയായി കണക്കാക്കുന്നു. എന്നാൽ, കെ.എൻ. ബാലഗോപാലിന്‍റെ കഴിഞ്ഞ ബജറ്റിൽ ഇത് 34,586.66 കോടിയായിരുന്നു. ധനകമ്മിയാകട്ടെ ബാലഗോപാൽ കണക്കാക്കിയ 55,419.51 കോടിയിൽനിന്ന് 56,405.36 കോടിയായി ഉയർന്നു. റവന്യൂ കമ്മി, ധനകമ്മി എന്നിവ വരുംവർഷങ്ങളിലും ഉയരും. ധനകമ്മി രണ്ടുവർഷംകൊണ്ട് 71,000 കോടിയാകുമെന്നാണ് കണക്കാക്കുന്നത്. ശമ്പള-പെൻഷൻ ബാധ്യതയും കുത്തനെ വർധിക്കും. ഇത് ഇക്കൊല്ലം 1,22,375 കോടിയാണ്. മുൻവർഷത്തെക്കാൾ 20,000 കോടിയുടെ വർധന. ഇത് രണ്ടുവർഷം കൊണ്ട് ഒന്നര ലക്ഷം കോടിയിലെത്തും. സബ്സിഡിയായി നൽകുന്ന തുക വരുംവർഷങ്ങളിൽ കുറയുമെന്നും മധ്യകാല സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. പൊതുകടം ഇക്കൊല്ലം 5.17 ലക്ഷം കോടിയാണ്. ഇത് അടുത്ത വർഷം 5.77 ലക്ഷം കോടിയായും തൊട്ടടുത്ത വർഷം 6.45 ലക്ഷം കോടിയായും വർധിക്കും. കടം കൈകാര്യംചെയ്യാൻ വേണ്ടിവരുന്ന തുകയും കുതിച്ചുയരും. ഇക്കൊല്ലത്തെ 34,376 കോടിയിൽനിന്ന് രണ്ടുവർഷം കൊണ്ട് 42,599 കോടിയാകും. ബാലഗോപാലിന്‍റെ ബജറ്റിനെക്കാൾ 6000 കോടി അധിക വിഭവസമാഹാരണം ലക്ഷ്യമിടുന്നതായി ബജറ്റ് രേഖകളിൽ പറയുന്നു. സർക്കാരിന്‍റെ പ്രധാന പ്രഖ്യാപനങ്ങൾക്കെല്ലാം തുകയുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീ സൗജന്യയാത്രക്ക് 600 കോടിയാണ് വകയിരുത്തിയത്. ആശ വർക്കർമാരുടെ ഓണറേറിയത്തിന് 78.40 കോടിയും അംഗൻവാടി ഓണറേറിയത്തിന് 66.20 കോടിയും അധികം നീക്കിവെച്ചു. വനം-വന്യജീവി സംഘർഷത്തിന് 90 കോടി അധികമുണ്ട്. പുതിയ വയോജന വകുപ്പിന് 10 കോടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments