കൊച്ചി:വിഡി സതീശൻ എല്ലാവർക്കും പ്രിയപ്പെട്ടവനായതിന് പിന്നിൽ കുടുംബവും മുതിർന്നവരോടും പുതുതലമുറയോടും അവരുടേതായ ഭാഷയിൽ സംസാരിക്കാനറിയുന്ന നേതാവാണ് വി.ഡി. സതീശൻ. പുതിയ തലമുറയിലുള്ള ജെൻസി പിള്ളേരോട് അവർ സ്ഥിരമായി പറയുന്ന വാക്കുകളും പ്രയോഗങ്ങളും നടത്തി പിടിച്ചുനിൽക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. അതിന് വഴികാട്ടിയാവുന്നതോ മകൾ ഉണ്ണിമായയും.താൻ സ്ത്രീപക്ഷ നിലപാട് ആർജിച്ചെടുത്തത് മകളിൽ നിന്നാണെന്നും ആൺ-പെൺ എന്നതിനപ്പുറം ലിംഗസമത്വത്തോടെ പെരുമാറാന്‍ അവളാണ് പഠിപ്പിച്ചതെന്നും വി.ഡി. മുമ്പൊരു മാസികക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പുസ്തകങ്ങളെയും സിനിമകളെയും കുറിച്ച് അച്ഛന് പറഞ്ഞുകൊടുക്കുന്ന ഉണ്ണിമായ അച്ഛനെ വിമർശിക്കാനും മടിക്കാറില്ല. ആലുവക്കടുത്ത് ദേശത്തെ വീട്ടിലാണ് ഭാര്യ ലക്ഷ്മിപ്രിയക്കും ഗവേഷക വിദ്യാർഥിയായ മകൾ ഉണ്ണിമായക്കുമൊപ്പം താമസിച്ചിരുന്നത്. വോട്ടു ചെയ്യുന്നതിന്‍റെയും മറ്റും ചിത്രങ്ങൾ പങ്കുവെക്കാറുണ്ടെങ്കിലും രാഷ്ട്രീയത്തിൽനിന്ന് അകന്നു കഴിയാനാണ് ഭാര്യക്കും മറ്റു കുടുംബാംഗങ്ങൾക്കും താൽപര്യം. രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ടെങ്കിലും ഉണ്ണിമായക്കും രാഷ്ട്രീയ ആഗ്രഹങ്ങളില്ല. ഇക്കഴിഞ്ഞ ആറ്റുകാൽ പൊങ്കാല ആഘോഷത്തിനിടെ ഉണ്ണിമായ പൊങ്കാലയിടുന്നതിന്‍റെ ദൃശ്യങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. അച്ഛൻ കോൺഗ്രസ് പാർട്ടിക്കുവേണ്ടി ഒരുപാട് പരിശ്രമിക്കുന്നുണ്ടെന്നും അതിനുള്ള ഫലം കിട്ടുമെന്നുമായിരുന്നു അന്ന് ഉണ്ണിമായ മാധ്യമങ്ങളോട് പറഞ്ഞത് മെയ് മാസം വി.ഡി. സതീശനെ സംബന്ധിച്ച് ഭാഗ്യമാസമാണ്. ദിവസങ്ങൾ നീണ്ട ഉദ്വേഗഭരിതമായ കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രി പദവിയിലെത്തുന്നത് മേയ് 14ന്. സ്വന്തം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സംസ്ഥാനത്തിന്‍റെ അധികാരകേന്ദ്രത്തിലേക്ക് അദ്ദേഹം നടന്നെത്തുന്നത്. 1964 മേയ് 31ന് എറണാകുളം നെട്ടൂരിലായിരുന്നു ജനനം.2001 മേയ് 16നായിരുന്നു ജീവിതത്തിലാദ്യമായി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് രണ്ടാം പിണറായി സർക്കാർ കാലത്ത് പ്രതിപക്ഷ നേതാവായതും മെയ് 22ന്
മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ എറണാകുളം ജില്ലക്കാരനാണ് വി.ഡി.സതീശൻ. ഈ പദവിയിലെത്തുന്ന 13ാമത്തെ കേരളീയനും ആറാമത്തെ കോൺഗ്രസ് നേതാവുമാണ്. കേരളത്തിന്‍റെ ഒമ്പതാമത് മുഖ്യമന്ത്രിയായിരുന്ന പി.കെ. വാസുദേവൻ നായർ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പുല്ലുവഴിയിലാണ് താമസിച്ചിരുന്നത്. എന്നാൽ, ഇദ്ദേഹം ജനിച്ചത് കോട്ടയം ജില്ലയിലെ കിടങ്ങൂരിലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴ മണ്ഡലത്തിൽ നിന്നുമാണ്. 1978ൽ എ.കെ. ആന്‍റണി സർക്കാർ രാജിവെച്ചതിനെ തുടർന്ന് 1978 ഒക്ടോബർ 29ന് മുഖ്യമന്ത്രിയായ പി.കെ.വി, 1979 ഒക്ടോബർ ഏഴുവരെ പദവിയിൽ തുടർന്നു. കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് മലപ്പുറം ജില്ലക്കാരനാണ്. പട്ടം താണുപിള്ള (തിരുവനന്തപുരം), ആർ. ശങ്കർ (കൊല്ലം), സി. അച്യുതമേനോൻ, കെ. കരുണാകരൻ (തൃശൂർ), ഇ.കെ. നായനാർ, പിണറായി വിജയൻ (കണ്ണൂർ), സി.എച്ച്. മുഹമ്മദ് കോയ (കോഴിക്കോട്), എ.കെ. ആന്‍റണി, വി.എസ്. അച്യുതാനന്ദൻ (ആലപ്പുഴ), ഉമ്മൻ ചാണ്ടി (കോട്ടയം) എന്നിവരാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റുനേതാക്കൾ.



