ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നു ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് ഇന്ധന വില വർധിച്ചത്. വില ഇനിയും ഉയരുമെന്ന ആശങ്കയെ തുടർന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പമ്പുകളിൽ വൻ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെട്ടു. പലയിടങ്ങളിലും ഇന്ധനം തീർന്നുവെന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില.ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് നിലവിലെ വില. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് നിലവില്‍.5 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിനു പിന്നാലെയാണ് വില വർധനവ്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതി ചെലവുമാണ് വില വർധനവിലേക്ക് നയിച്ചത്.
രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും പെട്രോൾ, ഡീസൽ അല്ലെങ്കിൽ എൽ.പി.ജി എന്നിവയ്ക്ക് റേഷൻ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഓയിൽ സെക്രട്ടറി നീരജ് മിത്തൽ സി.ഐ.ഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ അറിയിച്ചു. നിലവിൽ 60 ദിവസത്തേക്കുള്ള ഇന്ധനശേഖരവും 45 ദിവസത്തേക്കുള്ള എൽ.പി.ജി ശേഖരവും രാജ്യത്തുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നത് മൂലം എണ്ണക്കമ്പനികൾക്ക് പ്രതിദിനം 1,000 കോടി മുതൽ 1,200 കോടി രൂപ വരെ നഷ്ടം സംഭവിക്കുന്നതായാണ് കണക്കാക്കുന്നത്. 2026-ന്റെ ആദ്യ പാദത്തിൽ ഈ നഷ്ടം ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം വരും. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിലെ മാറ്റങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



