ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയുടെ കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമാകും.തുടർച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.പശ്ചിമേഷ്യയിലെ സ്ഥിതിഗതികളടക്കം ചർച്ച ചെയ്യാനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറിന് വില കുറച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ ഇന്ധനലഭ്യതയും ഇന്ധനവിതരണവും ഉൾപ്പെടെ വിശദമായി ചർച്ചയായി. രാജ്യത്ത് എൽപിജി, പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്നാണ് യോഗത്തിലെ വിലയിരുത്തൽ. അതിനിടെ, എൽപിജിക്കായി പശ്ചിമേഷ്യൻ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ അമേരിക്കയിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2027-ഓടെ എൽപിജിയുടെ 25 ശതമാനവും അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നായിരുന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നേരത്തേ വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ജൂലായിലും ഓഗസ്റ്റിലുമായി തുടർച്ചയായി വില കുറച്ചിരിക്കുന്നത്

