Tuesday, April 14, 2026
No menu items!
Homeവാർത്തകൾയേശുക്രിസ്തുവിന് സമാനമായ രൂപത്തിൽ തന്നെ ചിത്രീകരിച്ച വിവാദ ചിത്രം ട്രംപ് പിൻവലിച്ചു.

യേശുക്രിസ്തുവിന് സമാനമായ രൂപത്തിൽ തന്നെ ചിത്രീകരിച്ച വിവാദ ചിത്രം ട്രംപ് പിൻവലിച്ചു.

വാഷിങ്ടൺ: യേശുക്രിസ്തുവിന് സമാനമായ രൂപത്തിൽ തന്നെ ചിത്രീകരിച്ച വിവാദ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ നിന്ന് പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച ചിത്രത്തിനെതിരെ സ്വന്തം അനുയായികളിൽ നിന്നുൾപ്പെടെ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇറാൻ വിഷയത്തിൽ തനിക്കെതിരെ നിലപാടെടുത്ത പോപ്പ് ലിയോ പതിനാലാമനെ വിമർശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ ഈ വിവാദ പോസ്റ്റ്. അതേസമയം, ചിത്രത്തിന് വിചിത്ര വിശദീകരണവുമായി ട്രംപ് രംഗത്തെത്തി. ‘യേശുവായല്ല, ഒരു ഡോക്ടറായാണ് എന്നെ അതിൽ ചിത്രീകരിച്ചത്. ജനങ്ങളെ സുഖപ്പെടുത്തുന്ന ഒരു ഡോക്ടറായാണ് ഉദ്ദേശിച്ചത്. ഞാൻ ജനങ്ങളെ സുഖപ്പെടുത്താറുണ്ട്, അവരെ മികച്ച രീതിയിൽ മാറ്റാറുണ്ട്. ആളുകൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തത്’ -ട്രംപ് പറഞ്ഞു. വെള്ള വസ്ത്രമണിഞ്ഞ ട്രംപ്, ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയുടെ നെറ്റിയിൽ കൈവെച്ച് സുഖപ്പെടുത്തുന്ന രീതിയിലായിരുന്നു ചിത്രം. യേശുക്രിസ്തു രോഗികളെ സുഖപ്പെടുത്തുന്ന മതപരമായ ചിത്രങ്ങളോട് ഇതിന് സാമ്യമുണ്ടായിരുന്നു. സ്റ്റാച്യു ഓഫ് ലിബർട്ടി, യുഎസ് പതാക, യുദ്ധവിമാനങ്ങൾ, കഴുകൻ എന്നിവയ്ക്ക് പുറമെ പ്രാർത്ഥിക്കുന്ന സ്ത്രീയും നഴ്സും സൈനികനും ട്രംപിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിലുണ്ടായിരുന്നു. ചിത്രത്തിനെതിരെ ക്രൈസ്തവ സംഘടനകളിൽനിന്നും വിശ്വാസികളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ദൈവത്തെ പരിഹസിക്കരുതെന്നും ഈ ചിത്രം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും വിവിധസംഘടനകൾ ചൂണ്ടിക്കാട്ടി. അതിനിടെ, പോപ്പ് ലിയോ പതിനാലാമനെതിരെ താൻ നടത്തിയ പരാമർശങ്ങൾ പിൻവലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും ട്രംപ് വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ തടയുന്നതിലും വിദേശ നയങ്ങളിലും പോപ്പ് തികഞ്ഞ പരാജയമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ‘പോപ്പ് ലിയോ പറഞ്ഞ കാര്യങ്ങൾ തെറ്റാണ്. ഇറാൻ വിഷയത്തിൽ എന്റെ നടപടികളെ അദ്ദേഹം എതിർക്കുന്നു. എന്നാൽ ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ പാടില്ല. അങ്ങനെയുണ്ടായാൽ കോടിക്കണക്കിന് ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകും, അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. പോപ്പിന്റെ നിലപാടുകൾ തികച്ചും ദുർബലമാണ്’ -ട്രംപ് പറഞ്ഞു. കത്തോലിക്ക സഭയുടെ ആഗോള നേതാവ് ‘ജോലി വളരെ നല്ല രൂപത്തിൽ ചെയ്യുന്നതായി കരുതുന്നില്ലെ’ന്നും ‘അദ്ദേഹം ഏറെ ലിബറൽ ആയ വ്യക്തിയാണെ’ന്നും ട്രംപ് വിമർശിച്ചിരുന്നു. തീവ്ര ഇടതുപക്ഷത്തെ താലോലിക്കുന്നത് മാർപാപ്പ നിർത്തണമെന്നും തന്റെ സമൂഹ മാധ്യമമായ ‘ദ ട്രൂത്തി’ലെ ദീർഘമായ കുറിപ്പിൽ ട്രംപ് നിർദേശിച്ചു. ‘താൻ പോപ് ലിയോയുടെ ആരാധകനല്ല. കുറ്റകൃത്യങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട് ദുർബലമാണ്, എന്നാൽ വിദേശനയത്തിൽ ഭയാനകവും. ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെ അംഗീകരിക്കുന്ന ഒരു പോപ്പിനെ എനിക്ക് ആവശ്യമില്ല -ട്രംപ് ട്രൂത്തിൽ കുറിച്ചു. അതേസമയം, ട്രംപിനെ ഭയക്കില്ലെന്നായിരുന്നു പോപ്പിെൻറ പ്രതികരണം. സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള വത്തിക്കാന്റെ അഭ്യർഥനകൾ സുവിശേഷത്തിൽ വേരൂന്നിയതാണെന്നും അൾജീരിയയിലേക്കുള്ള യാത്രക്കിടെ പോപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല, ഡൊണാൾഡ് ട്രംപുമായി ഒരു തർക്കത്തിൽ ഏർപ്പെടാൻ എനിക്ക് ഉദ്ദേശമില്ല. കാര്യങ്ങൾ വായിക്കുന്നവർക്ക് സ്വന്തമായി നിഗമനങ്ങളിൽ എത്താം’ -അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ ധാരാളം പ്രാർഥനകൾ നടത്തിയാലും ഞാൻ കേൾക്കില്ല, നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു’ എന്ന ബൈബിൾ വചനവും അദ്ദേഹം പരാമർശിച്ചു. 11 ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിന് പുറപ്പെടുകയായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments