Friday, June 5, 2026
No menu items!
Homeവാർത്തകൾമുഖ്യമന്ത്രി ധവളപത്രം അവതരിപ്പിച്ചു; കേരളത്തിന്റെ മൊത്തം ബാധ്യത 5.07 ലക്ഷം കോടി രൂപ,...

മുഖ്യമന്ത്രി ധവളപത്രം അവതരിപ്പിച്ചു; കേരളത്തിന്റെ മൊത്തം ബാധ്യത 5.07 ലക്ഷം കോടി രൂപ, വരുമാനത്തിന്റെ 77 ശതമാനത്തിലേറെയും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ സ്ഥിരചെലവുകൾക്കായി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിന്‍റെ സാമ്പത്തികാരോഗ്യം വ്യക്തമാക്കുന്ന ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വെച്ചിരിക്കുന്നു. മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും ആസൂത്രണ ബോർഡ് വൈസ് ചെയർമാനുമായിരുന്ന കെ.എം. ചന്ദ്രശേഖറുടെ നേതൃത്വത്തിൽ തയാറാക്കിയ ധവളപത്രം സംസ്ഥാനത്തിന്‍റെ സാമ്പത്തിക പതിതാവസ്ഥ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. ഇത് മുൻ സർക്കാറിനു നേരെയുള്ള കുറ്റപത്രമല്ലെന്നും പുതിയ സർക്കാർ വരുമ്പോൾ ജനങ്ങളോട് പാലിക്കേണ്ട ജനാധിപത്യ മര്യാദയാണെന്നുമാണ് ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ വിശദീകരണം. 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയപ്പോൾ അന്നത്തെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും സമാനമായി ധവളപത്രത്തിലൂടെ കേരളത്തിന്‍റെ ധനസ്ഥിതി ജനസമക്ഷം സമർപ്പിച്ചിരുന്നു. ധവളപത്രത്തിലെ കണക്കുകൾ പ്രകാരം കേരളത്തിന്റെ മൊത്തം ബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തിയിരിക്കുന്നു. വരുമാനത്തിന്റെ 77 ശതമാനത്തിലേറെയും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ സ്ഥിരചെലവുകൾക്കാണ് വിനിയോഗിക്കുന്നത്. പലിശച്ചെലവ് മാത്രം വരുമാനത്തിന്റെ 20.9 ശതമാനമാണ്. വികസന ചെലവ് ദേശീയ ശരാശരി (63.5)യേക്കാൾ (39.9) പരിതാപകരം. മൂലധന ചെലവും ജി.എസ്.ഡി.പിയുടെ ദേശീയ ശരാശരിയേക്കാൾ (3.2%) വളരെ കുറവ് (1.34%). കടം വർധിച്ചിട്ടും വികസന നിക്ഷേപങ്ങൾ അതിനനുസരിച്ച് ഉയർന്നില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ സംസ്ഥാന സർക്കാറിന്റെ സാമ്പത്തികാസൂത്രണത്തിലെ പിഴവുകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. കടമെടുത്ത പണത്തിന്റെ വലിയൊരു പങ്ക് ഉൽപാദനക്ഷമമായ നിക്ഷേപങ്ങൾക്കല്ല, മറിച്ച് റവന്യൂ കമ്മിയും സ്ഥിരച്ചെലവുകളും നികത്താനാണ് ഉപയോഗിക്കപ്പെട്ടത് എന്നർഥം. സാമ്പത്തികാസൂത്രണത്തിൽ മാത്രമല്ല, സാമൂഹിക ക്ഷേമപദ്ധതികളുടെ വിഹിതങ്ങളിലും അട്ടിമറി നടന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എസ്.സി/എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പ്ലാൻവിഹിതം 2017-18ലെ 9.24 ശതമാനത്തിൽനിന്ന് 2025-26ൽ 3.85 ശതമാനമായി ഇടിഞ്ഞു. ഇത് ആശങ്കാജനകവും പാർശ്വവത്കൃത ജനങ്ങളോട് ഇടതുപക്ഷ സർക്കാർ കാണിച്ച അനീതിയുമാണ്. 2017 മുതൽ 2025-26 വരെയുള്ള എല്ലാ വർഷവും ബോധപൂർവം പ്ലാനിങ് വിഹിതം കുറച്ചതിന്‍റെ ന്യായം വ്യക്തമാക്കാൻ ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്. കേരളത്തിന്റെ ശക്തി അടിസ്ഥാന സൗകര്യങ്ങളോ വ്യവസായങ്ങളോ മാത്രമല്ല; ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, പിന്നാക്ക വിഭാഗ ക്ഷേമം തുടങ്ങിയ മേഖലകളിൽ പതിറ്റാണ്ടുകളായി നടത്തിയ പൊതുനിക്ഷേപങ്ങൾ കൂടിയാണ്. അവ മറന്നുകളഞ്ഞാൽ രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ കനത്തതായിരിക്കുമെന്ന പാഠം പുതിയ സർക്കാറെങ്കിലും മറക്കാതിരിക്കട്ടെ. 2016ൽ ഡോ. ടി.എം. തോമസ് ഐസക് സമർപ്പിച്ച ധവളപത്രത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ കൈമാറിയ ഖജനാവ് പൂർണമായും ശൂന്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നാടിന്റെ അടിസ്ഥാന സൗകര്യ വികസനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെ ബജറ്റിന് പുറത്തുനിന്ന് ഫണ്ട് സമാഹരിക്കാൻ ‘കിഫ്ബി’ പുനഃസംഘടിപ്പിക്കുക എന്നതായിരുന്നു അന്ന് മുന്നോട്ടുവെച്ച സമീപനം. എന്നാൽ, വി.ഡി. സതീശൻ അവതരിപ്പിച്ച ധവളപത്രം അന്നത്തെ പരിഹാര മാർഗമായ കിഫ്ബിക്കെതിരായ കുറ്റപത്രം കൂടിയാണ്. കിഫ്ബിയിലൂടെ ചെലവഴിക്കപ്പെട്ട തുകയുടെ പകുതിയും ലഭ്യമായത് മൂന്ന് ജില്ലകൾക്ക് മാത്രമാണത്രെ. അവയുടെ വായ്പാബാധ്യത 21,000 കോടിയുടേതാണ്. അംഗീകൃത പദ്ധതികൾക്ക് ഇനി കണ്ടെത്തേണ്ടത് 35,000 കോടിയും. വായ്പ പലിശയാകട്ടെ, ഒന്നു മുതൽ ഒന്നര ശതമാനം വരെ അധികവുമാണ്. അതുകൊണ്ടുതന്നെ, പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി തുടങ്ങിയ വരുമാന സ്രോതസ്സുകൾ കിഫ്ബിയുടെ വായ്പാ തിരിച്ചടവിനായി മാറ്റിവെച്ചിരിക്കുന്നു. സി.എ.ജി കണ്ടെത്തൽ പ്രകാരം അവരുടെ സ്വതന്ത്രമായ വരുമാന സ്രോതസ്സ് തിരിച്ചടവിന് കഴിയുന്നതുമല്ല. ഈ സാഹചര്യത്തിൽ കിഫ്ബിയുടെ പ്രവർത്തനം സമ്പൂർണമായി അഴിച്ചുപണിയേണ്ടി വരുമെന്ന് ചുരുക്കം. അത് കേരളത്തിന്‍റെ വികസന വേഗതയെ ബാധിക്കുമോ എന്ന് വ്യക്തമാവാൻ ബജറ്റ് അവതരണം വരെ കാക്കണം. കേന്ദ്രസഹായത്തിലെ കുറവ് കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണമായ പ്രധാന ഘടകമാണെന്ന് അംഗീകരിക്കുമ്പോഴും അതുമാത്രമാണ് കാരണമെന്ന നിഗമനം ധവളപത്രത്തിനില്ല. 2025 വർഷത്തിലെ 365 ദിവസങ്ങളിൽ 262 ദിവസവും ട്രഷറിക്ക് ആർ.ബി.ഐയുടെ താൽക്കാലിക വായ്പയെ ആശ്രയിക്കേണ്ടിവന്നത് സംസ്ഥാനത്തിന്റെ പണലഭ്യത ഗുരുതരമായി തകരാറിലായതിന്റെ സൂചനയാണ്. എന്നിട്ടും മതിയായ വിഹിതം നൽകാൻ രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്രം വിസമ്മതിക്കുകയായിരുന്നു. 2026-27ൽ ഏകദേശം 20,000 കോടി രൂപയുടെ കുറവാണ് കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മുൻ ധനമന്ത്രി വ്യക്തമാക്കിയതുപോലെ, കേന്ദ്ര വിഹിതം നേടിയെടുക്കാനുള്ള പോരാട്ടം ഭരണ-പ്രതിപക്ഷ ഭേദമന്യേ അടിയന്തരമായി നടക്കേണ്ടതുണ്ട്. രാഷ്ട്രീയ വിയോജിപ്പുകൾ സംസ്ഥാനത്തിന് ലഭിക്കേണ്ട അവകാശങ്ങളുടെ നിഷേധത്തിലേക്ക് നയിക്കാൻ ഇടവരുന്നില്ലെന്ന് ഉറപ്പുവരുത്താൻ പുതിയ സർക്കാറിന് ചുമതലയുണ്ട്. ധവളപത്രം മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ അനിയന്ത്രിതമായ സ്വകാര്യവത്കരണത്തിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗളഹസ്തത്തിനും ഇടവരുത്തുമോ എന്ന ആശങ്ക കേരളത്തിലെ സാമാന്യജനതക്കുണ്ട്. നാടിനാവശ്യം കടുത്ത നിയോ-ലിബറൽ ചെലവുചുരുക്കലല്ല. സാമൂഹികസുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടുതന്നെ നികുതി ചോർച്ചയടച്ച് വരുമാനം വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ്. ക്ഷേമപദ്ധതികളെ അട്ടിമറിക്കാതെ, ഭരണപരമായ ധൂർത്തുകൾ ഒഴിവാക്കി മുന്നോട്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ ധവളപത്രം വിഭാവനം ചെയ്യുന്ന ‘മുന്നോട്ടുള്ള വഴി’ കേരളത്തെ വലിയ സാമൂഹിക അശാന്തിയിലേക്ക് നയിച്ചേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments