ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് കീഴിലുള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) സയന്റിസ്റ്റ് ബി തസ്തികയിൽ നിയമനത്തിന് ഓൺലൈനിൽ ഏപ്രിൽ 24 വരെ അപേക്ഷ സ്വീകരിക്കും. 243 ഒഴിവുകളുണ്ട്. (കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി-168, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ-25, ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻലിജൻസ്-50. ഗ്രൂപ് എ (എസ് ആൻഡ് ടി) ഗസറ്റ് തസ്തികയാണിത്. ശമ്പള നിരക്ക് 56,100-1,77,500 രൂപ. നേരിട്ടുള്ള നിയമനമാണ്. നിശ്ചിത ഒഴിവുകൾ പട്ടികജാതി/വർഗ, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യു.എസ് ഭിന്നശേഷി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങൾ https://recruitment.nic.in ൽ ലഭിക്കും.യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്/എം.എസ്സി/എം.സി.എ/എം.എ/എം.ടെക്/എം.ഫിൽ ബിരുദവും പ്രാബലത്തിലുള്ള ഗേറ്റ് സ്കോറും ഉണ്ടാകണം. പ്രവൃത്തിപരിചയം ആവശ്യമില്ല. പ്രായപരിധി: 31-03-2026ൽ 30 വയസ്സ്. ഒ.ബി.സി എൻ.സി.എൽ വിഭാഗത്തിന് മൂന്നു വർഷവും എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും സർക്കാർ സർവിസിലുള്ളവർക്ക് അഞ്ചു വർഷവും വിമുക്തഭടന്മാർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.അപേക്ഷാഫീസ് 800 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്കും ഫീസില്ല. സെലക്ഷൻ: ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം, അക്കാദമിക് മെറിറ്റ് മുതലായവയുടെ മാർക്ക് പരിഗണിച്ച് മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം.



