Friday, August 21, 2026
No menu items!
Homeവാർത്തകൾജാഗ്രത; ഒറ്റ ദിവസം എട്ടുപേർക്ക് ഷിഗല്ലെ രോഗബാധ

ജാഗ്രത; ഒറ്റ ദിവസം എട്ടുപേർക്ക് ഷിഗല്ലെ രോഗബാധ

പാലക്കാട്: മഴക്കാലമെത്തിയതോടെ സംസ്ഥാനം സാംക്രമിക രോഗങ്ങളുടെ പിടിയിൽ. വൈറൽ പനി മുതൽ ഷിഗല്ലെ വരെയുള്ള രോഗങ്ങൾ പിടിമുറുക്കുകയാണ്. ആശങ്കയുയർത്തുന്നതാണ് ഷിഗല്ലെയുടെ വ്യാപനം. ജൂണിൽ എട്ട് ദിവസത്തിനുള്ളിൽ 18 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഒരാൾ മരിച്ചു. തിങ്കളാഴ്ച മാത്രം എട്ടുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 93 പേർക്കാണ് ഷിഗല്ലെ കണ്ടെത്തിയത്. രണ്ട് മരണവും ഉണ്ടായി. 70 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഷിഗല്ലെ എന്നറിയപ്പെടുന്ന ഒരു ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണിത്. ഈ ബാക്ടീരിയ കുടലുകളെയാണ് ബാധിക്കുന്നത്. പകർച്ചവ്യാധിയായ ഈ രോഗം ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടെത്തുന്നത്. ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഷിഗല്ലെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് വയറിളക്കത്തിന് കാരണമാകും. ശരീരത്തിനകത്ത് പ്രവേശിക്കുന്ന ബാക്ടീരിയ ആമാശയത്തിന്‍റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കൾ ഉൽപാദിപ്പിക്കും. ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും രോഗാവസ്ഥക്ക് കാരണമാകുകയും ചെയ്യും. മൂന്ന് ദിവസത്തോളം വിട്ടുമാറാത്ത കഠിനമായ വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ കാണണം. മലത്തിൽ രക്തം, അതിസാരം, കഠിനമായ വയറുവേദന അല്ലെങ്കിൽ മലബന്ധം, പനി അല്ലെങ്കിൽ തണുപ്പ്, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, ശരീരഭാരം കുറയൽ, നിർജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അണുബാധയുണ്ടായതിന് ശേഷം ഒരാഴ്ചയോളം രോഗലക്ഷണങ്ങൾ കണ്ടേക്കാം. പകർച്ചവ്യാധിയായതിനാൽ രോഗബാധിതനുമായുള്ള സമ്പർക്കം ഒഴിവാക്കണം. സംസ്ഥാനത്ത് ഷിഗല്ലെ ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. സ്കൂൾ തുറന്നതോടെ കുട്ടികൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പതിവാണ്. ഇത് രോഗം പടരാൻ കാരണമാകുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments