ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽനിന്ന് ഇറങ്ങി ഒറ്റക്കും ചെറുകൂട്ടങ്ങളായും എത്തിയ ‘പാറ്റകൾ’ ജന്തർമന്തർ ആകെ നിറഞ്ഞതോടെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) എന്ന പാറ്റപ്പാർട്ടിയുടെ ആദ്യ തെരുവ് പ്രക്ഷോഭത്തിന് ഗംഭീര തുടക്കം. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ മൂല്യനിർണയ ക്രമക്കേട് എന്നീ വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർമന്തറിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ. അമേരിക്കയിലായിരുന്ന സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ കൂടി എത്തിയതോടെ കേന്ദ്ര സർക്കാറിനെതിരായ ജനരോഷത്തിന്റെ ആവേശം ഇരട്ടിയായി. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിരുന്നത്. ഒടുവിൽ പ്രതിഷേധക്കാർ കൊണാട്ട് പ്ലേസിലേക്ക് ജാഥയായി നീങ്ങി സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പാറ്റയുടെ ചിത്രങ്ങളുള്ള മാസ്കുകളും ടി-ഷർട്ടുകളും ധരിച്ചും, കൈകളിൽ പൂക്കളും പുസ്തകങ്ങളുമേന്തിയുമാണ് സ്കൂൾ-കോളജ് വിദ്യാർഥികളും മത്സരപരീക്ഷാർഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുത്തത്. ആയിരത്തോളം പൊലീസുകാരെയും അർധസൈനികരെയും സമരകേന്ദ്രത്തിന് സമീപം വിന്യസിച്ചിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും ജന്തർമന്തറിൽ വീണ്ടും വലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഒത്തുകൂടിയവരെ അഭിസംബോധന ചെയ്ത് അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു. ഇന്നത്തെ പ്രതിഷേധം വെറുമൊരു ‘ട്രെയിലർ’ മാത്രമാണെന്നും വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ഒറ്റ ആവശ്യത്തിനാണ് പ്രഥമ പരിഗണനയെന്നും മറ്റു ശ്രദ്ധതിരിക്കൽ തന്ത്രങ്ങളിൽ ആരും വീണുപോകരുതെന്നും ദിപ്കെ ഓർമിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജന്തർമന്തറിലെത്തി സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സി.പി.ഐ (എം.എൽ) ലിബറേഷൻ എം.പി ദീപാങ്കർ ഭട്ടാചാര്യ, സി.പി.ഐ നേതാവ് ആനി രാജ, സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് എന്നിവരും എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും വിവിധ കേന്ദ്ര സർവകലാശാലകളിലെ വിദ്യാർഥികളും സമരത്തിന് പിന്തുണ അറിയിച്ച് ജന്തർമന്തറിലെത്തിയിരുന്നു. രാജ്യത്തെ യുവാക്കളുടെ വലിയ ദേഷ്യത്തിന്റെയും നിരാശയുടെയും പ്രതിഫലനമാണ് കാണുന്നതെന്ന് എ.എ.പി കൺവീനർ അരവിന്ദ് കെജ്രിവാൾ എക്സിൽ കുറിച്ചു. സി.ജെ.പി പ്രവർത്തകർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനിടയിലേക്ക് ജയ് ശ്രീ റാം വിളിച്ചെത്തിയ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.



