മലപ്പുറം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാനെ’ പിന്തുണച്ചുകൊണ്ട് ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിലും സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാത’ത്തിലും എഴുതിയ ലേഖനത്തിലാണ് അദ്ദേഹം പുതിയ മദ്യനയത്തിലെ വിയോജിപ്പ് പരസ്യമാക്കിയത്. ‘പിറക്കട്ടെ ലഹരിമുക്ത ഗ്രാമങ്ങൾ’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ, സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും പുതിയ തലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്. ലഹരിയെ പുറത്താക്കാൻ നാടും നഗരവും ഓപ്പറേഷൻ തൂഫാനുമായി കൈകോർക്കുമ്പോൾ തന്നെ, ബജറ്റിലെ നികുതി ഇളവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ കൂടി ദൂരീകരിക്കാൻ കഴിയണം എന്ന് അദ്ദേഹം ലേഖനത്തിൽ ആവശ്യപ്പെടുന്നു.നികുതി കുറച്ചതിലൂടെ വീര്യം കുറഞ്ഞ മദ്യം സുലഭമാകുമെന്നും അത് വലിയ തോതിലുള്ള മദ്യവ്യാപനത്തിന് വഴിയൊരുക്കുമെന്നുമുള്ള ക്രൈസ്തവ സഭകളുടെയും മദ്യവിരുദ്ധ സംഘടനകളുടെയും ആശങ്കകൾ ശരിവെക്കുന്നതാണ് തങ്ങളുടെ നിലപാട്. കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നിയമസഭാ കക്ഷി യോഗത്തിലും സർക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. വരാനിരിക്കുന്ന യുഡിഎഫ് യോഗത്തിൽ ഈ വിഷയം ശക്തമായി ഉന്നയിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കെയാണ് തങ്ങൾ തന്നെ നേരിട്ട് നയം വ്യക്തമാക്കുന്നത്. സർക്കാരിന്റെ നല്ല മുൻകൈകളെ പിന്തുണയ്ക്കുമ്പോൾ തന്നെ, മദ്യവ്യാപനത്തിന് കാരണമാകുന്ന തീരുമാനങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ യുഡിഎഫ് നേതൃത്വത്തിനും സംസ്ഥാന സർക്കാരിനും മുന്നിൽ ലീഗ് വെക്കുന്നത്.

