തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം നടക്കുന്നത്. വീര്യം കുറഞ്ഞ മദ്യവിൽപ്പന, പിഎം ശ്രീ പദ്ധതി, ബോർഡ്-കോർപ്പറേഷൻ വിഭജനം തുടങ്ങി സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ ആവശ്യമുള്ള സുപ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയാവുക. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയേക്കും എന്നാണ് സൂചന. നികുതിഘടന നിയമസഭയിൽ പാസായെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് ആണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്നണിക്കുള്ളിലെ ചെറിയ വിയോജിപ്പുകൾ സമവായത്തിലൂടെ പരിഹരിച്ച് മദ്യവിൽപ്പനയ്ക്ക് യോഗം പച്ചക്കൊടി കാണിച്ചേക്കും.കൂടാതെ, കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. മുൻ സർക്കാർ ഒപ്പിട്ട കരാറായതിനാൽ ഇതിൽ നിന്നും പൂർണമായി പിന്മാറാൻ സർക്കാരിന് സാങ്കേതിക തടസങ്ങളുണ്ട്. വിഷയത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുൻപ് തന്നെ മുന്നണിക്കുള്ളിൽ ഒരു ധാരണയിലെത്താനാണ് ശ്രമം.
സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾ പിന്നിട്ടിട്ടും ബോർഡുകൾ, കോർപ്പറേഷനുകൾ, വിവിധ അക്കാദമികൾ തുടങ്ങിയവയിൽ അധ്യക്ഷന്മാരെയോ അംഗങ്ങളെയോ നിയമിച്ചിട്ടില്ല. ഇത് പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, ഘടകകക്ഷികൾക്ക് സ്ഥാനങ്ങൾ വീതംവെക്കുന്നതിനായി യുഡിഎഫ് ഒരു ഉപസമിതിയെ നിയമിച്ചേക്കും. ഡിസംബറിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മുന്നോടിയായി ചലച്ചിത്ര അക്കാദമിയിലടക്കം വേഗത്തിൽ നിയമനം നടത്തേണ്ടതുണ്ട്. കൂടാതെ സർക്കാരും മുന്നണിയും തമ്മിലുള്ള ഏകോപനത്തിനായി പുതിയൊരു ഏകോപന സമിതി രൂപീകരിക്കുന്ന കാര്യവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്) തുടങ്ങിയ പ്രധാന ഘടകകക്ഷികൾ പുതിയ ക്യാബിനറ്റ് പദവികൾ മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.കെ മുനീറിനും, ജോസഫ് വിഭാഗം ചെയർമാനും ക്യാബിനറ്റ് പദവി വേണമെന്നതാണ് പ്രധാന ആവശ്യം. ഇതിനുപുറമെ ജി. ദേവരാജൻ, മാണി സി. കാപ്പൻ എന്നിവർക്കും ക്യാബിനറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും.

