പുത്തുമല: ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്കരികിലേക്ക് അവർ വീണ്ടുമെത്തി. ഹൃദയഭൂമിയിൽ അവരെ അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഹൃദയം നുറുങ്ങി, കണ്ണുകൾ നിറഞ്ഞു. 2024 ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ അടക്കിയ പുത്തുമല ഹൃദയഭൂമി ശ്മശാനത്തിലാണ് ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ നോവിൻ കാഴ്ചകളുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഒരുക്കിയ വാടകവീടുകളിൽ കഴിയുന്നവരും ടൗൺഷിപ്പിലെ വീടുകളിലേക്കും മുസ്ലിം ലീഗ് നൽകിയ വീടുകളിലേക്കുമൊക്കെ താമസം മാറിയ അതിജീവിതരാണ് വ്യാഴാഴ്ച വീണ്ടും പുത്തുമലയിലെത്തിയത്.
രണ്ടുകൊല്ലം മുമ്പുവരെ ഒരുമിച്ച് കഴിഞ്ഞിരുന്നവരുടെ ഓർമകൾക്ക് മുന്നിൽ അതിജീവിതർ വിങ്ങിപ്പൊട്ടി. ഉരുള്‍പൊട്ടലിന് രണ്ടാണ്ട് തികയുമ്പോള്‍ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ഓര്‍മകളുമായി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ-മത-സാമുഹിക നേതാക്കളും ഹൃദയഭൂമിയില്‍ ഒത്തുകൂടി. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ജില്ല ഭരണ കൂടത്തിന്റെയും ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാർഥനയും അനുസ്മരണ യോഗവും നടന്നു. റവന്യൂമന്ത്രി എ.പി. അനില്‍കുമാര്‍, കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് എന്നിവര്‍ അനുസമരണ സന്ദേശം നല്കി.
ഉറ്റവരെ നഷ്ടമായ നിരവധിപേരാണ് വ്യാഴാഴ്ച രാവിലെ മുതല്‍ പുത്തുമലയില ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിയത്. വിടപറഞ്ഞവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും മുതല്‍ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓര്‍മകളുമായി ജീവിക്കുന്ന സ്കൂള്‍ വിദ്യാർഥികള്‍വരെ പൂക്കളും പ്രാർഥനയുമായി ഹൃദയഭൂമിയില്‍ ഒത്തുകൂടി. ഒരുനാട്ടില്‍ ഒരുമിച്ച് ജീവിച്ച് ഒരേമണ്ണില്‍ അന്തിയുറങ്ങുന്നവര്‍ക്ക് മന്ത്രിമാരും പ്രിയപ്പെട്ടവരും പുഷ്പാര്‍ച്ചന നടത്തി. സര്‍വമത പ്രാർഥനയോടെയായിരുന്നു അനുസ്മരണ പരിപാടികളുടെ തുടക്കം. ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ. ജിജോ, മേപ്പാടി മാരിയമ്മന്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ അഡ്വ. ബബിത, ഡോ. യൂസഫ് നദ്വി എന്നിവര്‍ പ്രർഥനകള്‍ക്ക് നേതൃത്വം നല്കി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ , ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകളായ ടി.ജെ. ഐസക്, കെ. റഫീഖ്, ടി. മുഹമ്മദ്, പി.കെ. അനില്‍കുമാര്‍, ജെയിംസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ചാലിയാറില്‍നിന്ന് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മലപ്പുറം നിലമ്പൂര്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഷറഫുന്നിസയും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.
പുല്പള്ളി പഴശ്ശിരാജ കോളജില്‍ സ്ഥാപിക്കുന്ന ഡോപ്ലര്‍ റഡാര്‍ സംവിധാനത്തിലൂടെ ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിലെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളില്‍ മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതബാധിതരായ കുട്ടികളുടെ തുടര്‍പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മറ്റെല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. വായ്പകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അനുഭാവപൂര്‍ണമായ തീരുമാനമുണ്ടാകും. ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങളുടെ കാര്യത്തില്‍ നടപടി സ്വീകരിക്കും. തീര്‍ത്താല്‍ തീരാത്ത വേദന അനുഭവിക്കുന്ന ജനതയെ അത്മവിശ്വാസത്തോടെ നടത്താന്‍ സാധ്യമാകുന്നതൊല്ലാം ചെയ്യാന്‍ എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.
മേപ്പാടി: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് പീപ്ൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ‘അറൈസ് മേപ്പാടി’ പദ്ധതി സമൂഹപങ്കാളിത്തത്തോടെ നടപ്പാക്കിയ മാതൃകാപരമായ സമഗ്ര പുനരധിവാസ പദ്ധതിയാണെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. ഭവന നിർമാണം, ഉപജീവന പുനരുദ്ധാരണം, സ്വയംതൊഴിൽ, നൈപുണ്യ വികസനം, സാമൂഹിക സംരംഭങ്ങൾ, കൗൺസിലിങ് തുടങ്ങി ദുരന്തബാധിതരുടെ ജീവിതത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന സമഗ്രമായ പുനരധിവാസ മാതൃകയാണ് പീപ്ൾസ് ഫൗണ്ടേഷൻ നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘അറൈസ് മേപ്പാടി -അതിജീവനത്തിൽനിന്ന് വളർച്ചയിലേക്ക്’ സംരംഭക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഭിനന്ദന പ്രഭാഷണവും ഉപഹാര വിതരണവും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് നിർവഹിച്ചു. മുഖ്യപ്രഭാഷണം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസയും അനുസ്മരണ പ്രഭാഷണം ജമാഅത്തെ ഇസ്ലാമി വയനാട് ജില്ല പ്രസിഡന്റ് ടി.പി. യൂനുസും നിർവഹിച്ചു. ചെറുകിട സംരംഭകർക്കുള്ള സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തിൽ എൻ.ഐ.ടി കോഴിക്കോടിലെ അസോ. പ്രഫസർ ഡോ. മുഹമ്മദ് ഷാഫി വിഷയാവതരണം നടത്തി. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് സ്വാഗതവും ജില്ല കോഓഡിനേറ്റർ സി.കെ. ഷമീർ നന്ദിയും പറഞ്ഞു.

