ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി). ഔദ്യോഗിക സന്ദേശങ്ങൾ 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എൻടിഎ അറിയിച്ചു. വിദ്യാർത്ഥികൾക്ക് തിരികെ സന്ദേശം അയക്കാനാവില്ല. വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ല. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല. പണം അടക്കാൻ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പർ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എൻടിഎ അറിയിച്ചു.
മറിച്ച് നീക്കം നടന്നാൽ നാഷണൽ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 ൽ അറിയിക്കണം. നാളത്തെ പരീക്ഷക്ക് പുതിയ അഡ്മിറ്റ് കാർഡ് ലഭിക്കും. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. മെയ് 30 ലെ കാർഡ് ഉപയോഗിക്കരുതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നു. അതേസമയം, നാഷണൽ മെഡിക്കൽ കമ്മിഷന് കീഴിൽ വരുന്ന ഒരു മെഡിക്കൽ കോളേജും ഇന്നും നാളെയും വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്നും നിർദ്ദേശം നൽകി. ചില വിദ്യാർത്ഥികൾ മുൻപ് നടന്ന നീറ്റ് ക്രമക്കേടിന് പിന്നിലുണ്ടായിരുന്നുവെന്ന് കണ്ടാണ് കർശന നിർദ്ദേശം.അതേസമയം, നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ 5000 കേന്ദ്രങ്ങളിൽ ഇന്ന് മോക്ഡ്രിൽ നടത്തും. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തിപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ദേശീയ പരീക്ഷ ഏജൻസി അറിയിച്ചു.

