Thursday, November 19, 2026
No menu items!
Homeവാർത്തകൾവന്‍ ശക്തികളുടെ തലവന്മാര്‍ ആദ്യമായി ഒരേ വേദിയില്‍; ട്രംപ്,പുടിന്‍,ഷി ജിന്‍പിങ്ങ് എന്നിവര്‍ തമ്മിലുള്ള ചരിത്രപരമായ ...

വന്‍ ശക്തികളുടെ തലവന്മാര്‍ ആദ്യമായി ഒരേ വേദിയില്‍; ട്രംപ്,പുടിന്‍,ഷി ജിന്‍പിങ്ങ് എന്നിവര്‍ തമ്മിലുള്ള ചരിത്രപരമായ ത്രിരാഷ്ട്ര കൂടിക്കാഴ്ച്ച ഇന്ന്

ഷെന്‍സെന്‍: അന്താരാഷ്ട്ര നയതന്ത്രരംഗത്ത് ശ്രദ്ധേയമായ കൂടിക്കാഴ്ച്ചയ്ക്ക് ഇന്ന് വേദിയൊരുങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് എന്നിവര്‍ തമ്മിലുള്ള ചരിത്രപരമായ ആദ്യ ത്രിരാഷ്ട്ര കൂടിക്കാഴ്ച്ച ഇന്ന് നടക്കും. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് ലോകത്തിലെ മൂന്ന് പ്രധാന വന്‍ ശക്തികളുടെ തലവന്മാര്‍ ആദ്യമായി ഒരേ വേദിയില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി ഒന്നിക്കുന്നത്. ചൈനയിലെ ഷെന്‍സെനിലാണ് കൂടിക്കാഴ്ച്ച.

നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകുമെന്ന് ഡോണാള്‍ഡ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ യുക്രെയ്‌നിന്റെയോ യൂറോപ്യന്‍ രാജ്യങ്ങളുടെയോ അഭാവത്തില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷാ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ആഗോള വ്യാപാര തര്‍ക്കങ്ങള്‍, നിര്‍മ്മിത ബുദ്ധി (AI) മേഖലകളിലെ നിയന്ത്രണങ്ങള്‍, തായ്‌വാന്‍ വിഷയം എന്നിവയും ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ആണവായുധങ്ങള്‍ കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ട്രംപ് താല്‍പ്പര്യപെടുന്നുണ്ട്. എന്നാല്‍ അമേരിക്കയും റഷ്യയുമാണ് ആദ്യം ആയുധശേഖരം കുറയ്‌ക്കേണ്ടതെന്ന നിലപാടിലാണ് ചൈന.

ഉച്ചകോടിയില്‍ പങ്കെടുക്കാനായി നവംബര്‍ 18ന് ഷെന്‍സെന്‍ വിമാനത്താവളത്തിലെത്തിയ ട്രംപിനെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. സെപ്തംബറില്‍ താന്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് നല്‍കിയ സ്വീകരണത്തിന് പകരമായാണ് ഈ പ്രത്യേക ആദരവെന്ന് ഷി ജിന്‍പിംഗ് വ്യക്തമാക്കി.

ബുധനാഴ്ച്ച രാത്രി നടന്ന അത്താഴ വിരുന്നിന് മുന്നോടിയായി മൂന്ന് നേതാക്കളും പരസ്പരം ഹസ്തദാനം ചെയ്യുകയും സൗഹൃദം പങ്കിടുകയും ചെയ്തു. 2025 ഓഗസ്റ്റില്‍ അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്രംപും പുടിനും നേരിട്ട് കാണുന്നത് ഇതാദ്യമായാണ്.ഇന്ന് നടക്കുന്ന ത്രിരാഷ്ട്ര ചര്‍ച്ചകള്‍ക്ക് പരമാവധി ഒരു മണിക്കൂര്‍ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. ഇതിന് പുറമേ ട്രംപും പുടിനും തമ്മില്‍ പ്രത്യേക ഉഭയകക്ഷി ചര്‍ച്ചയും നടക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments