ലോസ് ഏഞ്ചലസ്: ലോകകപ്പിൽ ഗ്രൂപ്പ് ജിയിലെ ബെൽജിയം – ഇറാൻ പോരാട്ടം ഗോളില്ലാതെ പിരിഞ്ഞു. രണ്ടാം പകുതിയിൽ പ്രതിരോധനിര താരം നഥാൻ എൻഗോയ് ചുവപ്പ് കാർഡ് കണ്ടതോടെ പത്ത് പേരുമായാണ് ബെൽജിയം കളി അവസാനിപ്പിച്ചത്. ആദ്യ പകുതിയിൽ ഇറാൻ നേടിയ ഗോൾ വാർ പരിശോധനക്ക് ശേഷം ഓഫ്സൈഡ് വിധിച്ച് നിഷേധിച്ചിരുന്നു.ലോസ് ഏഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യൂറോപ്യൻ ശക്തികളായ ബെൽജിയവും ഏഷ്യൻ ശക്തികളായ ഇറാനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യ മത്സരങ്ങളിൽ ഇരു ടീമുകളും സമനില വഴങ്ങിയാണ് രണ്ടാം മത്സരത്തിനെത്തിയത്. മത്സരത്തിലുടനീളം പൂർണ ആധിപത്യം പുലർത്തിയത് ബെൽജിയമാണ്. എന്നാൽ ആദ്യം പന്ത് വലയിലെത്തിച്ചത് ഇറാനായിരുന്നു. മത്സരത്തിന്റെ 23ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്ന് ഷോർട്ട് പാസ് കളിച്ച് സ്‌ട്രൈക്കർ മെഹ്ദി ടെറെമിയിലൂടെയാണ് ഇറാൻ ആദ്യം പന്ത് വലക്കുള്ളിലെത്തിച്ചത്. എന്നാൽ വാർ പരിശോധനക്ക് ശേഷം ഓഫ്സൈഡ് വിധിച്ച് ഗോൾ നിഷേധിച്ചു. ഒരു ഭാഗത്ത് ബെൽജിയം അവസരങ്ങൾ സൃഷ്ടിക്കുകയും പാഴാക്കുകയും ചെയ്യുമ്പോൾ ഇറാന് ചുരുങ്ങിയ ചില അവസരങ്ങൾ ലഭിച്ചു. എന്നാൽ മത്സരത്തിന്റെ 66ാം മിനിറ്റിൽ ഇറാൻ താരം മെഹ്ദി ടെറേമിയെ വീഴ്ത്തിയതിന് ബെൽജിയം ഡിഫൻഡർ നഥാൻ എൻഗോയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചു. ഫൗളിലൂടെ ഗോളവസരം നിഷേധിച്ചതിനാണ് നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. മത്സരത്തിൽ 68% പന്ത് കൈവശം വെക്കുകയും 22 ഷോട്ടുകൾ പായിക്കുകയും അതിൽ ഏഴെണ്ണം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തിട്ടും ബെൽജിയത്തിന് ഗോൾ മാത്രം ഒഴിഞ്ഞു നിന്നു.ജൂൺ 27ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബെൽജിയം ന്യൂസിലൻഡിനെയും ഇറാൻ ഈജിപ്തിനെയും നേരിടും.

