ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമർപ്പിച്ച രണ്ട് ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ ശൈലേന്ദ്ര മണി ത്രിപാഠി, രാകേഷ് കുമാർ സിങ് എന്നിവർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്. എസ്ഐആർ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. എസ്ഐആർ നടപടിയും ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും നിർദേശങ്ങളും തുടർനടപടികളും തുടക്കം മുതലേ അസാധുവും നിയമസാധുതയില്ലാത്തതുമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.അതേസമയം കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. ഡൽഹിയിൽ വിവിധ സംഘടനകൾ നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുകയാണ്. വരും ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. വനിതാ മാധ്യമപ്രവർത്തകർക്ക് ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ലൈംഗിക അതിക്രമത്തിൽ നടപടി സ്വീകരിക്കാത്തതിനെതിരെ ഇന്നും പ്രതിഷേധം ഉണ്ടാകും. ഡൽഹിയിൽ നിരോധനാജ്ഞ തുടരുകയാണ്. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും അനുമതിയില്ലാതെ പ്രകടനങ്ങൾ നടത്തുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്… ജന്ദർ മന്തറിലേക്കുള്ള റോഡുകൾ അധികൃതർ ബാരിക്കേടുകൾ വെച്ച് അടച്ചു. കനത്ത ഗതാഗതനിയന്ത്രണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തുടർ സമരങ്ങൾ ആലോചിക്കാൻ കോൺഗ്രസ് പിസിസി അധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരവും തുടരും. ഇതിനിടയിൽ, കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റുചെയ്യാൻ കേന്ദ്രസർക്കാർ പദ്ധതിയിടുകയാണെന്ന് പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു. ഒക്ടോബർ 10 മുതൽ നടക്കുന്ന പ്രതിഷേധങ്ങളിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്നും അനീതിക്കെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നും സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

