Saturday, June 20, 2026
No menu items!
Homeവാർത്തകൾഓസ്‌ട്രേലിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി യുഎസ്എ ജയം സ്വന്തമാക്കി

ഓസ്‌ട്രേലിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി യുഎസ്എ ജയം സ്വന്തമാക്കി

വാഷിങ്ടന്‍: ഫിഫ ലോകകപ്പില്‍ തുടരെ രണ്ടാം ജയവുമായി ആതിഥേരായ യുഎസ്എ നോക്കൗട്ടില്‍. ഓസ്‌ട്രേലിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് യുഎസ്എ ജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം യുഎസ്എയുടെ ആധിപത്യമാണ് കണ്ടത്. അലക്‌സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോള്‍ നേടിയത്. ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജസിന്റെ ഓണ്‍ ഗോളും യുഎസ്എയ്ക്ക് അനുകൂലമായി. ആദ്യ മത്സരത്തില്‍ ആതിഥേയര്‍ പരാഗ്വെയെ വീഴ്ത്തിയിരുന്നു.ഓസ്‌ട്രേലിയക്കെതിരെ കളിയുടെ ആദ്യ പകുതിയില്‍ തന്നെ യുഎസ്എ രണ്ട് ഗോളുകള്‍ നേടി. 11ാം മിനിറ്റില്‍ സെല്‍ഫ് ഗോളും 43ാം മിനിറ്റില്‍ ഫ്രീമാന്റെ ഗോളും വന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഗോള്‍ നേടിയില്ല. ആക്രമണത്തില്‍ മുന്നില്‍ നിന്നത് യുഎസ്എയായിരുന്നു. ലക്ഷ്യത്തിലേക്ക് ഇരു ടീമുകളും രണ്ട് ഷോട്ടുകളാണ് പായിച്ചത്

മത്സരത്തിന്റെ തുടക്കത്തില്‍ ഇരു ടീമുകളും പതിഞ്ഞാണ് ആരംഭിച്ചത്. താളം കണ്ടെത്താന്‍ ഇരു പക്ഷവും സമയമെടുത്തതോടെ ആദ്യ ഘട്ടത്തില്‍ വലിയ മുന്നേറ്റങ്ങള്‍ കണ്ടില്ല. സോക്കറൂസാണ് ആക്രമണത്തിന് തുടക്കമിട്ടത്. മുഹമ്മദ് ടോറെ, എയ്ഡന്‍ ഒനെയ്ല്‍ അടക്കമുള്ള താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തി.

താളം കണ്ടെത്തിയതോടെ യുഎസ്എ പ്രത്യാക്രമണങ്ങള്‍ തുടങ്ങി. അതിന്റെ ഫലം 11ാം മിനിറ്റില്‍ തന്നെ വന്നു. യുഎസ്എ താരം ഫൊളാരിന്‍ ബലോഗനന്റെ മികച്ച മുന്നേറ്റമാണ് ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജസിന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. ഇടതു വിങ്ങില്‍ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ബലോഗന്‍ ബോക്‌സിനുള്ളില്‍ നിന്നു നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ബര്‍ജസിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റില്‍ തന്നെ പതിച്ചു.

ഗോള്‍ വീണതോടെ അമേരിക്ക ആക്രമണം കടുപ്പിച്ചു. യുഎസ്എ കടുത്ത ആക്രമണം അഴിച്ചുവിട്ടതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലേക്ക് വലിഞ്ഞു. യുഎസ് താരങ്ങളായ ടൈലര്‍ ആഡംസും മാലിക്ക് ടില്‍മാനും റിക്കാര്‍ഡോ പെപ്പിയും സെര്‍ജിനോ ബെസ്റ്റും ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്ത് നിരന്തരം അപകടം വിതച്ചു. ഫൊളാരിന്‍ ബലോഗനനും മികച്ച മുന്നേറ്റങ്ങളുമായി കളം വാണു. യുഎസ് മുന്നേറ്റങ്ങള്‍ തടയുന്നതിനിടെ ഓസ്‌ട്രേലിയന്‍ പ്രതിരോധ താരങ്ങളായ ജോര്‍ദാന്‍ ബോസും അലെസാന്‍ഡ്രോ സിര്‍ക്കാറ്റിയും മഞ്ഞക്കാര്‍ഡും കണ്ടു

പോരാട്ടം ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലേക്ക് കടന്നതോടെ യുഎസിന്റെ രണ്ടാം ഗോള്‍ വന്നു. കോര്‍ണറിനൊടുവില്‍ യുഎസ് താരം വല ലക്ഷ്യമിട്ടടിച്ച ഷോട്ട് ഓസ്‌ട്രേലിയന്‍ താരത്തിന്റെ കാലില്‍ തട്ടി ഉയര്‍ന്നു. ബോക്‌സിനുള്ളിലുണ്ടായിരുന്ന ഫ്രീമാന്‍ സമയം പാഴാക്കാതെ പന്ത് ഹെഡ്ഡ് ചെയ്തു വലയിലാക്കി ടീമിനു രണ്ടാം ഗോള്‍ സമ്മാനിച്ചു. ഈ ഗോള്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ ഇത് തെറ്റാണെന്നു കണ്ടതോടെ ഗോള്‍ അനുവദിക്കപ്പെട്ടു.

രണ്ടാം പകുതിയില്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് ടോറെയെ മാറ്റി പരിശീലകന്‍ നെസ്റ്റോറി ഇരന്‍കുന്‍ഡയെ കളത്തിലിറക്കിയെങ്കിലും സോക്കറൂസിനു ഗോള്‍ കണ്ടെത്താന്‍ മാത്രം കഴിഞ്ഞില്ല. കളി അവസാന ഘട്ടത്തിലേക്ക് കടന്ന സമയത്ത് ഓസ്‌ട്രേലിയ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും യുഎസ് പ്രതിരോധം ഉറച്ചു നിന്നതോടെ ആ പ്രതീക്ഷകളും അവസാനിച്ചു. 2-0ത്തിന്റെ ജയവുമായി യുഎസ്എ നോക്കൗട്ട് ഉറപ്പാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments