Saturday, June 20, 2026
No menu items!
Homeവാർത്തകൾസർക്കാർ ഐ.ടി.ഐകളിൽ എൻ.സി.വി.ടി/ എസ്.സി.വി.ടി അഫിലിയേഷനുള്ള വിവിധ ട്രേഡുകളിൽ 2026-27 വർഷ പ്രവേശനത്തിന് ഓൺലൈനിൽ ജൂൺ...

സർക്കാർ ഐ.ടി.ഐകളിൽ എൻ.സി.വി.ടി/ എസ്.സി.വി.ടി അഫിലിയേഷനുള്ള വിവിധ ട്രേഡുകളിൽ 2026-27 വർഷ പ്രവേശനത്തിന് ഓൺലൈനിൽ ജൂൺ 30നകം അപേക്ഷിക്കാം.

തിരുവനന്തപുരം: സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സർക്കാർ ഐ.ടി.ഐകളിൽ എൻ.സി.വി.ടി/ എസ്.സി.വി.ടി അഫിലിയേഷനുള്ള വിവിധ ട്രേഡുകളിൽ 2026-27 വർഷ പ്രവേശനത്തിന് ഓൺലൈനിൽ ജൂൺ 30നകം അപേക്ഷിക്കാം. പത്താംക്ലാസ്/എസ്.എസ്.എൽ.സി തത്തുല്യ പരീക്ഷ ജയിച്ചവർക്കും തോറ്റവർക്കും പരിശീലനം നേടാവുന്ന ട്രേഡുകളുണ്ട്. ഏകവത്സര/ ദ്വിവത്സര എൻജിനീയറിങ്/ നോൺ എൻജിനീയറിങ് ട്രേഡുകൾ തിരഞ്ഞെടുത്ത് പഠിക്കാം. അപേക്ഷകർക്ക് 14 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ആഗസ്റ്റ് മാസത്തിൽ ട്രേഡുകളിൽ പരിശീലനം തുടങ്ങും. പ്രവേശനം: കേരളത്തിൽ സ്ഥിരതാമസക്കാർക്കാണ് പ്രവേശനം. മെട്രിക്/നോൺമെട്രിക് ട്രേഡുകളിൽ പ്രവേശനത്തിന് എസ്.എസ്.എൽ.സി/മെട്രിക്കുലേഷൻ/തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. ഉയർന്ന വിദ്യാഭ്യാസം നേടിയവർക്കും എൻ.സി.സി-എ/ബി/സി സർട്ടിഫിക്കറ്റുള്ളവർക്കും എൻ.എസ്.എസ് സർട്ടിഫിക്കറ്റുകാർക്കും തെരഞ്ഞെടുപ്പിൽ ഗ്രേസ് മാർക്ക് ലഭിക്കും. അപേക്ഷ: പ്രോസ്പെക്ടസിലെ നിർദേശങ്ങൾ പാലിച്ചാവണം ഓൺലൈൻ അപേക്ഷ നൽകേണ്ടത്. രജിസ്ട്രേഷന് ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിലും അവരവരുടേതാണെന്നും പ്രവർത്തനക്ഷമമാണെന്നും ഉറപ്പുവരുത്തണം. അപേക്ഷയിൽ കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷാ ഫീസായി 100 രൂപ അടച്ച് നടപടിക്രമം പൂർത്തിയാക്കി പ്രിന്റ് എടുത്ത് സൂക്ഷിക്കണം. അതോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള സർക്കാർ ഐ.ടി.ഐകളിൽ നേരിട്ട് ഹാജരായി പരിശോധനക്കായി നൽകണം. ഓൺലൈൻ അപേക്ഷയിൽ പ്രവേശനമാരംഭിക്കുന്ന ഓരോ ഐ.ടി.ഐയിലെയും ട്രേഡുകൾ മുൻഗണനാക്രമത്തിൽ ക്രമീകരിക്കുന്നതിന് അഡ്മിഷൻ പോർട്ടലിൽ സൗകര്യമുണ്ട്. അപേക്ഷ സമർപ്പണത്തിന് ഐ.ടി.ഐകളിലുള്ള ഹെൽപ് ഡെസ്കിന്റെ സഹായം തേടാം.

മെട്രിക്/നോൺമെട്രിക് ട്രേഡുകൾ: ഓരോ ജില്ലയിലുള്ള സർക്കാർ ഐ.ടി.ഐകളും എൻ.സി.വി.ടി/ എസ്.സി.വി.ടി അംഗീകാരമുള്ള മെട്രിക്/നോൺമെട്രിക് ട്രേഡുകളും പ്രവേശനം നൽകുന്ന യൂനിറ്റുകളും പ്രോസ്പെക്ടസിൽ പ്രത്യേകം പട്ടികയിലുണ്ട്. നോൺ-മെട്രിക് ട്രേഡുകളിൽ ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, വയർമാൻ, പ്ലംബർ, വുഡ് വർക്ക് ടെക്നീഷ്യൻ (കാർപെന്റർ), പെയിന്റർ ജനറൽ, ഡ്രസ് മേക്കർ എന്നിവയും ഉൾപ്പെടും. വനിതകൾക്കായി ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷൻ (ജനറൽ), മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട്സ് ടെക്നീഷ്യൻ, അഗ്രോ പ്രോസസിങ്, ബേക്കർ ആൻഡ് കൺഫെക്ഷണർ, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ, ഫാഷൻ ഡിസൈനർ ആൻഡ് ടെക്നോളജി എന്നിവയും മെട്രിക് കോഴ്സുകളിലുണ്ട്. ഐ.ടി.ഐകളും ട്രേഡുകളും പരിശീലന കാലയളവും യോഗ്യതയും തെരഞ്ഞെടുപ്പ്/ പ്രവേശന നടപടികളും അടങ്ങിയ 2026-27ലെ എൻ.സി.വി.ടി/ എസ്.സി.വി.ടി ട്രേഡുകളുടെ പ്രോസ്പെക്ടസ് https://itiadmissions.kerala.gov.in/ ൽ ലഭിക്കും. റാങ്ക് ലിസ്റ്റ് ജൂലൈ ഏഴിന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ജൂലൈ 13ന് ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments