വാഷിംഗ്ടൺ:അമേരിക്കയുടെ ആകാശത്ത് കണ്ടെത്തിയ അജ്ഞാത പേടകത്തെ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമായി പെന്റഗൺ. യുഎസ് ഇന്റലിജൻസ് വിഭാഗം ഈയിടെ പുറത്തുവിട്ട രണ്ടാം ഘട്ട രഹസ്യ ഫയലുകളുടെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ വ്യോമസേനയുടെ എഫ്-35 യുദ്ധവിമാനം മിസൈൽ ഉപയോഗിച്ച് ഒരു അജ്ഞാത വസ്തുവിനെ വീഴ്ത്തുന്നതാണ് ഈ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.
അമേരിക്കൻ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഓൾ-ഡൊമെയ്ൻ അനോമലി റെസല്യൂഷൻ ഓഫീസ് ആണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2023 മെയ് മാസം മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 757 അജ്ഞാത പേടകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈ പുതിയ ഫയലുകളിലുണ്ട്. ഇതിൽ 21 കേസുകൾക്ക് കൃത്യമായ ശാസ്ത്രീയ വിശദീകരണം നൽകാൻ തങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് പെന്റഗൺ അധികൃതർ സ്ഥിരീകരിക്കുന്നത്. ഈ 21 കേസുകളിൽ പേടകങ്ങളുടെ സഞ്ചാരരീതിയും രൂപവും മനുഷ്യനിർമ്മിത വിമാനങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.പുറത്തുവിട്ട ഫയലുകളിൽ ഭൂരിഭാഗവും വെറും ബലൂണുകളോ പക്ഷികളോ ഉപഗ്രഹങ്ങളോ ആയിരുന്നെങ്കിലും, ചില സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. ന്യൂയോർക്കിന് മുകളിലൂടെ പറന്ന ഒരു യാത്രാവിമാനത്തിന് തൊട്ടടുത്തായി ഒരു സിലിണ്ടർ ആകൃതിയിലുള്ള അജ്ഞാത വസ്തു കണ്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒരു അജ്ഞാത വസ്തുവിനെ വെടിവെച്ചു വീഴ്ത്തുന്ന വീഡിയോ കൂടി പുറത്തുവിട്ടിരിക്കുന്നത്. ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യത്തെക്കുറിച്ചോ അന്യഗ്രഹ ജീവികളെക്കുറിച്ചോ സ്ഥിരീകരിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ആവർത്തിക്കുമ്പോഴും, ഇത്തരം നിഗൂഢമായ ആകാശ വസ്തുക്കൾ വ്യോമയാന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പെന്റഗൺ മുന്നറിയിപ്പ് നൽകുന്നു



