ബോസ്റ്റൺ: ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ നോർവേക്കെതിരെ ഫ്രാൻസിന് തകർപ്പൻ ജയം. ഒന്നിന് എതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് നോർവേയെ തകർത്തത്. കിലിയൻ എംബാപ്പെ – എർലിങ് ഹാലൻഡ് നേർക്ക് നേർ പോരാട്ടം കാണാൻ കൊതിച്ചവർക്കും നിരാശയായിരുന്നു ഫലം. ഹാലൻഡ് മത്സരത്തിന് ഇറങ്ങിയില്ല. ഉസ്മാനെ ഡെംബലെ ഹാട്രിക്കുമായി തിളങ്ങിയപ്പോൾ ഡിസൈരെ ഡുവെയാണ് ഫ്രാൻസിന്റെ നാലാം ഗോൾ നേടിയത്. അതെ സമയം ആസ്‌ഗാർഡ് നോർവെയുടെ ആശ്വാസഗോൾ നേടി.ഫ്രാൻസിന് എതിരെ വമ്പൻ മാറ്റങ്ങളുമായി ഇറങ്ങിയ നോർവേയ്ക്ക് അടി തെറ്റി. പത്ത് മാറ്റങ്ങളോടെയാണ് നോർവേ മത്സരത്തിന് ഇറങ്ങിയത്. സൂപ്പർ താരം ഹാലൻഡിനും ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡനും ഉൾപ്പെടെ വിശ്രമം നൽകി. ഏഴാം മിനിട്ടുമുതൽ പ്രഹരിച്ചുതുടങ്ങിയ ഉസ്മാനെ ഡെംബലെ 32 മിനിട്ടുകൾക്കകം തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. ഏഴാം മിനിറ്റിൽ എംബാപ്പെ നൽകിയ പന്തുമായി ബോക്സിലേക്ക് കയറി ഡെംബലെ മികച്ച ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. പിന്നാലെ 20ാം മിനിറ്റിൽ വീണ്ടും എംബാപ്പെ ഡെംബലെ കോംബോയിലൂടെ ഫ്രാൻസ് ലീഡുയർത്തി. ഇത്തവണ ബോക്സിങ് പുറത്തുനിന്നാണ് ഡെംബലെ ഗോൾ സ്കോർ ചെയ്തത്. ഒരു മിനിറ്റിനുള്ളിൽ തേളോ ആസ്‌ഗാർഡ് (21) ഒരു ഗോൾ മടക്കിയെങ്കിലും 32ാം മിനിറ്റിൽ മികച്ച ഫിനിഷിലൂടെ ഡെംബലെ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. മത്സരത്തിലേക്ക് തിരിച്ചുവരാൻ 50ാം മിനുറ്റിൽ നോർവേയ്ക്ക് അനുകൂലമായി പനാൽട്ടി ലഭിച്ചെങ്കിലും സ്ട്രാൻഡ് ലാർസൻ എടുത്ത കിക്ക് പാഴായി. അവസാനം ഇഞ്ചുറി ടൈമിൽ ഡിസൈരെ ഡുവെ (90+4) കൂടി ലക്ഷ്യം കണ്ടതോടെ ഫ്രാൻസ് ജയം സ്വന്തമാക്കി.മൂന്നാം ജയത്തോടെ ഒമ്പത് പോയിന്റുമായി ഫ്രാൻസ് ഗ്രൂപ്പ് ഐ യിലെ ചാമ്പ്യന്മാരായി. എംബപ്പെയും ഹാലൻഡും തമ്മിലുള്ള നേർക്കുനേർ പോരാട്ടം കാണാനുള്ള അവസരവും ആരാധകർക്ക് നഷ്ടമായി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ നോർവേയും റൗണ്ട് ഓഫ് 32ലേക്ക് നേരത്തെ യോഗ്യത നേടിയിരുന്നു.

