Saturday, June 27, 2026
No menu items!
Homeവാർത്തകൾമുഹറം വ്രതമെടുക്കുന്ന വേളയിൽ എതിർപ്പുകൾ അവഗണിച്ച് ,ഉറ്റവർ കയ്യൊഴിഞ്ഞ കാൻസർ രോഗിയെ ഹൈന്ദവാചാരപ്രകാരം ചിതയ്ക്ക്...

മുഹറം വ്രതമെടുക്കുന്ന വേളയിൽ എതിർപ്പുകൾ അവഗണിച്ച് ,ഉറ്റവർ കയ്യൊഴിഞ്ഞ കാൻസർ രോഗിയെ ഹൈന്ദവാചാരപ്രകാരം ചിതയ്ക്ക് തീകൊളുത്തി ഇർഫാന ഇഖ്ബാൽ

കാസർകോട്: മതസൗഹാർദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്തമായ മാതൃക കാണിച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ. ഉറ്റവർ ഉപേക്ഷിച്ച ഇതരമതസ്ഥനായ വയോധികന്റെ മൃതദേഹം ഏറ്റെടുത്ത്, മകളുടെ സ്ഥാനത്ത് നിന്ന് ഹൈന്ദവാചാരപ്രകാരം ചിതയ്ക്ക് തീകൊളുത്തിയാണ് ഇർഫാന മാതൃകയായത്. മുഹറം വ്രതമെടുക്കുന്ന വേളയിലായിരുന്നു സമുദായത്തിൽ നിന്നുള്ള എതിർപ്പുകൾ പോലും വകവെയ്ക്കാതെ, മതത്തേക്കാൾ വലുതാണ് മനുഷ്യത്വമെന്ന് ഇർഫാന തെളിയിച്ചത്.

മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്റുപദവ് സ്വദേശിയായ നാരായണൻ (64) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് വ്യാഴാഴ്ച അന്തരിച്ചത്. വായിൽ ക്യാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഒരു മാസം മുൻപാണ് കടവരാന്തയിൽ പട്ടിണി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറെയും മെഡിക്കൽ ഓഫീസറെയും വിവരമറിയിച്ച്, ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ പ്രവർത്തകരുടെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നാരായണൻ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നാരായണൻ മുൻ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും മരണവിവരമറിഞ്ഞ് സംഘടനയുടെ പ്രവർത്തകരോ ഉറ്റവരോ ആരും തന്നെ മൃതദേഹം ഏറ്റെടുക്കാൻ എത്തിയിരുന്നില്ല. മഞ്ചേശ്വരം പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് നാരായണന്റെ രണ്ട് ഭാര്യമാരും മക്കളും സഹോദരിയും മൃതദേഹം ഏറ്റെടുത്തു സംസ്കരിക്കുന്നതിനായി ഇർഫാനയ്ക്ക് സമ്മതപത്രം നൽകുകയായിരുന്നു. ഈ സമ്മതപത്രം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറിയാണ് മൃതദേഹം വിട്ടുകിട്ടിയത്.തുടർന്ന് ആംബുലൻസിൽ ഉപ്പളയിൽ എത്തിച്ച മൃതദേഹം ചെറുഗോളി പൊതുശ്മാശാനത്തിലേക്ക് മാറ്റി. അവിടെ വെച്ച് മകളുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഹൈന്ദവാചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച ഇർഫാന നാരായണന്റെ ചിതയ്ക്ക് തീകൊളുത്തുകയായിരുന്നു. സാമൂഹ്യപ്രവർത്തകരായ റിയാസ് പിലാത്തറ, മെഹ്മൂദ് കൈകമ്പ തുടങ്ങിയവരും ഈ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

അപ്രതീക്ഷിതമായി ലഭിച്ച ഈ നിയോഗം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വലിയ സംതൃപ്തിയുണ്ടെന്ന് ഇർഫാന ഇഖ്ബാൽ പ്രതികരിച്ചു. നിലവിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ഇർഫാന ഇഖ്ബാൽ, ഉറ്റവർ നഷ്ടപ്പെട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന അഗതികൾക്കായി ഉപ്പളയിൽ പ്രവർത്തിക്കുന്ന ‘ഷെയ്ഖ് സായിദ് വൃദ്ധസദനം’ എന്ന സ്ഥാപനത്തിന്റെ സ്ഥാപക കൂടിയാണ്. അമ്പതോളം അന്തേവാസികളാണ് നിലവിൽ ഈ സ്ഥാപനത്തിൽ സംരക്ഷണയിൽ കഴിയുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments