Monday, October 26, 2026
No menu items!
Homeവാർത്തകൾഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് എട്ട് ജില്ലകളില്‍ യെല്ലോ...

ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കന്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു.

മധ്യ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളായിലായി തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച് ഇന്ന് മധ്യബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും ഒക്ടോബര്‍ 27-ന് രാവിലെ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറുകയും ഒക്ടോബര്‍ 28-ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുകയും ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് യാനം തീരങ്ങള്‍ക്കിടയിലൂടെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള മണിക്കൂറില്‍ 115-125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടല്‍: പുലര്‍ച്ചെ മുതല്‍ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയും ഉയരാന്‍ സാധ്യത. അതിനുശേഷം, ഈ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത കുറഞ്ഞ് ഒക്ടോബര്‍ 26 രാത്രിയോടെ മണിക്കൂറില്‍ 50-60 കിലോമീറ്ററും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്ററും, ഒക്ടോബര്‍ 27 ഉച്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40-50 കിലോമീറ്ററും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലൊമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയാന്‍ സാധ്യത

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments