കല്‍പ്പറ്റ: വയനാട് കേന്ദ്രീകരിച്ച് വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് മെറ്റ ബ്ലോക്ക് ചെയ്തു. പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ‘റിയ മണി ഹെല്പ്’ (Ria Money Help) എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടിപ്പ് ഗ്രൂപ്പിനെതിരെ കര്‍ശന നടപടിയുണ്ടായത്. പ്ലാറ്റ്ഫോമിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാലാണ് ഗ്രൂപ്പ് പൂട്ടിയതെന്ന് മെറ്റ വ്യക്തമാക്കി. ഗ്രൂപ്പില്‍ വ്യാപകമായി ഓട്ടോമേറ്റഡ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതായും പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
വയനാട്ടിലെ പ്രമുഖ സാമൂഹിക, രാഷ്ട്രീയ വ്യക്തികളെ പോലും അനുമതിയില്ലാതെയാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നത്. ഇത്രയധികം പേരുടെ ഫോണ്‍ നമ്പറുകള്‍ തട്ടിപ്പ് സംഘത്തിന് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, സംഘത്തിന് ഉത്തരേന്ത്യന്‍ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇതുവരെ ആര്‍ക്കും സാമ്പത്തിക നഷ്ടം സംഭവിച്ചതായി പരാതി ലഭിച്ചിട്ടില്ല. എങ്കിലും, ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ ആരെങ്കിലും ഇരയായിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ പൊലീസിനെ സമീപിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. 5,000 രൂപ നല്കിയാല് 15 മിനിറ്റിനുള്ളില്‍ 18,000 രൂപയും, 10,000 രൂപ നല്കിയാല് 45 മിനിറ്റിനുള്ളില്‍ 30,000 രൂപയും തിരികെ നല്‍കാമെന്നായിരുന്നു വാഗ്ദാനം. 90,000 രൂപ നിക്ഷേപിച്ചാല്‍ നാലുലക്ഷം രൂപ ലഭിക്കുമെന്നും ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു.
ആദ്യം ചെറിയ തുകകള്‍ വാങ്ങി, പണം തിരികെ ലഭിക്കുന്നതിനുള്ള ചാര്‍ജ് എന്ന പേരില്‍ വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. അംഗങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍, മറ്റുള്ളവര്‍ക്ക് ലാഭം ലഭിച്ചുവെന്ന് തെറ്റിധരിപ്പിക്കുന്ന വ്യാജ യുപിഐ ഇടപാട് സ്ക്രീന്‍ഷോട്ടുകളും ഇവര്‍ ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. സമാന രീതിയില്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും ഇത്തരം തട്ടിപ്പുകള്‍ സജീവമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
അവിശ്വസനീയമായ സാമ്പത്തിക വാഗ്ദാനങ്ങളുമായി എത്തുന്ന ഇത്തരം ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ നിന്ന് ആളുകള്‍ ഉടന്‍ തന്നെ ലെഫ്റ്റ് ആകണമെന്നും, ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

