കൊച്ചി: കൊച്ചി- ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ. അഗത്തി, കടമത്ത്, കൽപേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണ പറക്കൽ നടത്തുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാ സൗകര്യം വർധിപ്പിക്കുന്നതിന്റെയും വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിന്റെയും ഭാഗമായാണ് വിവിധ ദ്വീപുകളിലേക്ക് സീപ്ലെയ്ൻ സർവീസ് ആരംഭിക്കുന്നത്.പരീക്ഷണപ്പറക്കലിനുള്ള സ്പൈസ് ജെറ്റ് വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. ദ്വീപുകളിൽ നിന്ന് ഒരു മണിക്കൂറോളം ദൈർഘ്യമുള്ള യാത്രയാണ് കൊച്ചിയിലേക്ക്. 20 പേർക്ക് യാത്ര ചെയ്യാവുന്ന കനേഡിയൻ വൈക്കിങ് ഡിഎച്ച്സി-6-400 ട്വിൻ ഓട്ടർ ഇരട്ട എഞ്ചിൻ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുന്നത്.പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കുന്നതോടെ യാത്രാ സർവീസുകളുടെ തീയതി ഡിജിസിഎ പ്രഖ്യാപിക്കും. പരീക്ഷണപ്പറക്കലിന്റെ സമയക്രമം ലക്ഷദ്വീപ് പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പ് തീരുമാനിച്ചു. ഇന്ന് രാവിലെ 10ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 11 ന് അഗത്തിയിൽ എത്തും.വൈകിട്ട് 3.30 ന് അഗത്തിയിൽ നിന്ന് പുറപ്പെട്ട് 4.30 ന് തിരികെ കൊച്ചിയിലെത്തും. നാളെ 10.30 ന് കൽപേനിയിൽ എത്തുന്ന വിമാനം ഇവിടെ നിന്ന് തുടർന്ന് കവരത്തിയിലെത്തി 3.30 ന് കവരത്തിയിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങും. 12 ന് രാവിലെ 11.30 ന് കടമത്ത് ദ്വീപിലെത്തുന്ന വിമാനം ഇവിടെ നിന്ന് കിൽത്താനത്തിലേക്ക് പോയി വൈകിട്ട് 3.30 ന് കൊച്ചിയിലേക്ക് മടങ്ങും.സ്കൈഹോപ് എന്ന കമ്പനിയാണ് പരീക്ഷണപ്പറക്കലിന് നേതൃത്വം നൽകുന്നത്. ഡിജിസിഎ ഉദ്യോഗസ്ഥരും വിമാനത്തിൽ പരിശോധനയ്ക്കായി ഉണ്ടാകും. പരീക്ഷണപ്പറക്കൽ നടക്കുന്ന ദിവസങ്ങളിൽ ദ്വീപുകളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.ഫയർ സർവീസ്, രക്ഷാപ്രവർത്തനത്തിനായി പരിശീലനം ലഭിച്ച ജീവനക്കാരുള്ള സുരക്ഷാ ബോട്ടുകൾ എന്നിവ സജ്ജമാക്കി. ലാൻഡിങ്, ടേക്ക് ഓഫ് വേളയിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജീകരിച്ച പ്രത്യേക ബോട്ടുകൾ അതതു ദ്വീപുകളിലെ പോർട്ട് അസിസ്റ്റന്റുമാർ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.



