Tuesday, November 17, 2026
No menu items!
Homeവാർത്തകൾകുടുംബത്തെക്കുറിച്ച് പ്രചരിക്കുന്ന നുണകഥകളാണ് തന്നെ ഓര്‍മക്കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് സോണിയ ഗാന്ധി

കുടുംബത്തെക്കുറിച്ച് പ്രചരിക്കുന്ന നുണകഥകളാണ് തന്നെ ഓര്‍മക്കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കുടുംബത്തെക്കുറിച്ച് പ്രചരിക്കുന്ന വസ്തുതാവിരുദ്ധവും വേദനിപ്പിക്കുന്നതുമായ കഥകളാണ് തന്നെ ഓര്‍മക്കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഭര്‍ത്താവ് രാജീവ് ഗാന്ധി, ഭര്‍തൃമാതാവ് ഇന്ദിര ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെക്കുറിച്ച് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ തന്റെ ഓര്‍മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു സോണിയയുടെ പ്രതികരണം.

കുടുംബത്തെക്കുറിച്ചും തന്നെക്കുറിച്ചും പലതരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തവയാണ്. തങ്ങളുടെ ജീവിതരീതിയുമായോ യഥാര്‍ഥ വ്യക്തിത്വവുമായോ അത്തരം കഥകള്‍ക്ക് ബന്ധമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ‘നിങ്ങളെക്കുറിച്ച് കഥകള്‍ മെനയപ്പെടുന്നു. സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. വേദനിപ്പിക്കുന്ന പലതും പറയപ്പെടുന്നു. എന്റെ വികാരങ്ങളും കുടുംബത്തെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങളും പങ്കുവയ്ക്കാനുള്ള ഒരു മാര്‍ഗമായാണ് ഈ പുസ്തകത്തെ കണ്ടത്. എന്റെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ തയ്യാറാകുമെന്നും കരുതി’ – സോണിയ പറഞ്ഞു.

സ്വകാര്യജീവിതത്തിലെ അനുഭവങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവയ്ക്കാന്‍ ആദ്യം താല്‍പര്യമില്ലായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍ മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുസ്തകം എഴുതാന്‍ പ്രോത്സാഹിപ്പിച്ചതോടെയാണ് തീരുമാനമെടുത്തത്. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ എഴുതുന്നത് വൈകാരികമായി ഏറെ പ്രയാസകരമായിരുന്നു. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ എഴുതിയപ്പോഴാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ജീവിതത്തിന്റെ ആദ്യകാല അനുഭവങ്ങള്‍ എഴുതാന്‍ എളുപ്പമായിരുന്നെങ്കിലും വേദനാജനകമായ സംഭവങ്ങളിലേക്ക് വീണ്ടും തിരിഞ്ഞുനോക്കുന്നത് പ്രയാസകരമായിരുന്നു. അത്തരം ഘട്ടങ്ങളില്‍ മകളും സുഹൃത്തുക്കളുമാണ് എഴുത്ത് തുടരാന്‍ പ്രോത്സാഹിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.

താന്‍ ഒരിക്കലും ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന ആളല്ലെന്നും സോണിയ ഗാന്ധി വെളിപ്പെടുത്തി. അതിനാല്‍ ജീവിതത്തെയും രാഷ്ട്രീയ യാത്രയെയും കുറിച്ച് എഴുതുന്നത് കൂടുതല്‍ വെല്ലുവിളിയായി. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷ നേതാവായിരിക്കെ എഴുതിയ ചില കൈയെഴുത്ത് കുറിപ്പുകള്‍ മാത്രമാണ് തന്റെ പക്കലുണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു.വിവാഹശേഷം പുതിയ കുടുംബത്തിലേക്കും അവിടുത്തെ ആചാരങ്ങളിലേക്കും പൊരുത്തപ്പെടേണ്ടിവരുന്ന നിരവധി ഇന്ത്യന്‍ സ്ത്രീകളുടെ അനുഭവവും ഇതിന് സമാനമാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ‘ഇത് എന്റെ മാത്രം അനുഭവമല്ല. ഇന്ത്യയിലെ നിരവധി പെണ്‍കുട്ടികള്‍ വിവാഹശേഷം പുതിയ രീതികളുമായി പൊരുത്തപ്പെടേണ്ടിവരുന്നു. ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം എന്നൊക്കെ അവരോട് പറയാറുണ്ട്. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കും ഇത് വളരെ പ്രയാസകരമാണ്’ -അവര്‍ പറഞ്ഞു. ആദ്യകാലത്ത് എല്ലാം തനിക്ക് വ്യത്യസ്തമായിരുന്നുവെന്നും ചില കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നുവെന്നും സോണിയ ഓര്‍ത്തെടുത്തു. ഇന്ത്യയുടെ സംസ്‌കാരവും ജീവിതരീതികളും മനസ്സിലാക്കാന്‍ തുടക്കത്തില്‍ പ്രയാസപ്പെട്ടെങ്കിലും പിന്നീട് അവയെ ഇഷ്ടപ്പെടാനും ഉള്‍ക്കൊള്ളാനും പഠിച്ചുവെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ തന്റേതായ ഒരിടം കണ്ടെത്താനും ഇവിടുത്തെ ജീവിതരീതികളുമായി പൊരുത്തപ്പെടാനുമുള്ള ശ്രമങ്ങളാണ് പുസ്തകത്തിന്റെ പേരില്‍ പ്രതിഫലിക്കുന്നതെന്ന് സോണിയ പറഞ്ഞു. രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് ഇന്ത്യയിലെത്തിയപ്പോള്‍ പുതിയ രാജ്യത്തോടും സംസ്‌കാരത്തോടും കുടുംബത്തോടും പൊരുത്തപ്പെടുന്നത് വലിയ വെല്ലുവിളിയായിരുന്നു. പുസ്തകത്തില്‍ ആവര്‍ത്തിച്ചുവരുന്ന വാക്കാണ് ‘Belonging’. ഇന്ത്യയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ താന്‍ എത്രത്തോളം ശ്രമിച്ചുവെന്നാണ് അതിലൂടെ പറയുന്നത്. ഒരു പുതിയ സാഹചര്യത്തില്‍ പുറത്തുനിന്നെത്തിയ വ്യക്തിയെന്ന നിലയില്‍ എപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണത്തിലാണെന്നും തെറ്റുകള്‍ സംഭവിക്കുമോയെന്ന ആശങ്കയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.ന്യൂഡല്‍ഹിയിലെ ഐടിസി മൗര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മക്കളായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര എന്നിവര്‍ക്കൊപ്പമാണ് സോണിയ ഗാന്ധി പുസ്തകം പുറത്തിറക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ഹാര്‍പര്‍കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച ‘Belonging: A Journey of Love’ നവംബര്‍ 10നാണ് പുറത്തിറങ്ങിയത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ സോണിയ ഗാന്ധിയുടെ വ്യക്തിജീവിതവും അനുഭവങ്ങളുമാണ് പുസ്തകത്തിന്റെ പ്രമേയം. പുസ്തകം പുറത്തിറങ്ങിയതോടെ രാഷ്ട്രീയതലത്തിലും ചര്‍ച്ചകള്‍ സജീവമായി. സംഭവങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് പുസ്തകമെന്ന് ബിജെപി ആരോപിച്ചപ്പോള്‍ ജീവിതാനുഭവങ്ങളുടെ തുറന്നുപറച്ചിലായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments