തിരുവനന്തപുരം: എൽപിഎസ്ടി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സമരസമിതി നേതാവ് വളർമതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെത്തുടർന്നാണ് വളർമതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. 18 ദിവസമായി വളർമതി നിരാഹാര സമരത്തിലാണ്.
രാത്രി പതിനൊന്നുമണിയോടെ ജനറൽ ആശുപത്രിയിലെത്തിച്ച വളർമതി നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വളർമതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്നലെ വീണ്ടും സമരപ്പന്തലിലെത്തി സമരം തുടരുകയായിരുന്നു.ബുധനാഴ്ച വളർമതിയെ ആശുപത്രിയിലേക്കു മാറ്റിയപ്പോൾ നിരാഹാരമിരുന്ന ഉദ്യോഗാർഥി എം ജയകൃഷ്ണൻ സമരം തുടരുകയാണ്. പൊലീസ് പൊളിച്ചുമാറ്റിയ സ്ഥലത്ത് ബുധനാഴ്ച രാത്രി ഡിവൈഎഫ്‌ഐ കെട്ടിയ പന്തലിലാണ് സമരം തുടരുന്നത്. സമരം ആരംഭിച്ച് 129-ാം ദിവസമാണ് പോലീസ് സമരസമിതിയുടെ പന്തൽ പൊളിച്ചുനീക്കിയത്.
അതിനിടെ, എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡിവൈഎഫ്‌ഐ ക്കും എൽപിഎസ്ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെ തടഞ്ഞതിന് യുവമോർച്ചക്കെതിരെയും കേസെടുത്തിട്ടുണ്ട്.

