ഡൽഹി: വനിതകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുമിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ മുൻനിര പദ്ധതിയായ ‘സ്റ്റാൻഡ്-അപ്പ് ഇന്ത്യ’ അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2.5 ലക്ഷം പുതിയ സംരംഭകർക്ക് കൂടി പദ്ധതിയിലൂടെ സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. തുടക്കക്കാർക്ക് 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് പദ്ധതി പ്രകാരം വായ്പയായി ലഭിക്കുന്നത്. സംരംഭകർക്ക് വലിയ ആശ്വാസമായി 18 മാസം വരെയുള്ള മൊറട്ടോറിയം ഉൾപ്പെടെ പരമാവധി 7 വർഷം വരെയാണ് തിരിച്ചടവ് കാലാവധി അനുവദിച്ചിരിക്കുന്നത്. കൂടാതെ അനുവദിക്കുന്ന വായ്പാ തുകയുടെ 85 ശതമാനത്തിനും ക്രെഡിറ്റ് ഗ്യാരണ്ടി പരിരക്ഷയും ലഭിക്കും.2016 ഏപ്രിലിൽ തുടക്കം കുറിച്ച സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയിലൂടെ ഇതുവരെ 2.75 ലക്ഷത്തിലധികം വനിതാ, എസ്.സി/എസ്.ടി സംരംഭകർക്ക് വായ്പ ലഭ്യമാക്കിയിട്ടുണ്ട്. അടിത്തട്ടിലുള്ള സംരംഭകത്വ വികസനത്തിനും സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനും പദ്ധതി വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ പേരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ കാലാവധി വീണ്ടും നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്.

