തിരുവനന്തപുരം: പൊലീസ് പൊളിച്ചു നീക്കിയ സെക്രട്ടേറിയറ്റിന് മുന്നിലെ, എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ ഡിവൈഎഫ്ഐ പുന:സ്ഥാപിച്ചു. മുന്‍പ് സമരപ്പന്തല്‍ നിന്നിടത്ത് താല്‍ക്കാലികമായി ടാര്‍പോളിന്‍ വലിച്ചുകെട്ടിയാണ് പുതിയ സമരപ്പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമരത്തിന് യുവമോര്‍ച്ചയും പിന്തുണയുമായി എത്തിയിട്ടുണ്ട്. പുനഃസ്ഥാപിച്ച സമരപ്പന്തലില്‍ റാങ്ക് ഹോള്‍ഡര്‍മാര്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
സമരത്തിന് നേതൃത്വം നല്കിയ വളര്‍മതിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന്, ഉദ്യോഗാര്‍ത്ഥിയായ ജയകൃഷ്ണന് നിരാഹാര സമരം ആരംഭിച്ചു. 10 മുതല്‍ 15 വരെയുള്ള റാങ്ക് ഹോള്‍ഡര്‍മാരാണ് സമരം തുടരുന്നത്. സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വന്‍തോതില്‍ പന്തലിനരികിലേക്ക് എത്തിയിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം നേതാക്കളായ സി എസ് സുജാത, പി കെ ബിജു എന്നിവരും സമരപ്പന്തലിലെത്തി.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഇന്നുമുതല്‍ സമരപ്പന്തലില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധിക്കും. വളര്‍മതി തിരിച്ചെത്തുന്നതുവരെ സമരപ്പന്തലില്‍ തുടരുമെന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പന്തല്‍ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്‍ക്കാലിക പന്തല്‍ പൊളിച്ചില്ലെന്നും പൊലീസ് വിശദീകരിച്ചു. സമരപ്പന്തല്‍ പുനഃസ്ഥാപിക്കുന്നിടത്ത് പൊലീസ് വന്നെങ്കിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അവരെ പിന്‍വലിക്കുകയായിരുന്നു.

