ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം.1995 കേബിള്‍ ആന്‍ഡ് ടെലിവിഷന്‍ നിയമത്തിലെ പ്രോഗ്രാം കോഡ് നിര്‍ബന്ധമായി പാലിക്കാന്‍ സ്വകാര്യ സാറ്റലൈറ്റ് ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്കി. ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണം, അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം, ലൈംഗിക അതിക്രമ അതിജീവിതരുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുത്, വര്‍ഗീയത വളര്‍ത്തുന്നതും രാജ്യദ്രോഹ ഉള്ളടക്കങ്ങളും ഒഴിവാക്കണം തുടങ്ങിയ വ്യവസ്ഥകളാണ് പ്രോഗ്രാം കോഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ആധികാരിക ഭൂപടങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. വാര്‍ത്ത അവതരണത്തിലും ഗ്രാഫിക്സിലും എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം. വാര്‍ത്തകളുടെ കൃത്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തരുത്. എഡിറ്റോറിയല്‍ മേല്‍നോട്ടം ശക്തമാക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്കി. കാഴ്ചക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് ഒഴിവാക്കുക. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ പങ്കുവെക്കുന്നതിലും ജാഗ്രതയുണ്ടാകണം. ദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ജനങ്ങളുടെ ഭീതി പരക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രോഗ്രാം കോഡ് കൃത്യമായി പാലിക്കാന്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കാമെന്നും നിര്‍ദേശമുണ്ട്. നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ ചാനലുകള്‍ക്ക് നേരെ നടപടി ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

