മംഗളൂര്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച്ച തുടക്കമാകും. രണ്ടു ദിവസം അഷ്ടമി വരുന്നതിനാല്‍ ഇക്കുറി മഹോത്സവം 10 ദിവസം ഉണ്ട്. ഒക്ടോബര്‍ 20നാണ് പ്രധാന ചടങ്ങായ പുഷ്പരഥോത്സവം. അന്ന് രാവിലെ 8.45ന് പുഷ്പങ്ങളാല്‍ അലങ്കരിച്ച രഥത്തില്‍ ദേവി എഴുന്നള്ളും. ദേവീവിഗ്രഹത്തെ രഥത്തിലേറ്റി ശ്രീകോവിലിന് ചുറ്റും മൂന്ന് തവണ രഥം വലിക്കും
പുഷ്പരഥോത്സവത്തിന് മുന്നോടിയായി ചണ്ഡികായാഗവും നടക്കും. 21ന് വിജയദശമി നാളില്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കുന്നതോടെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമാകും. അന്ന് വൈകിട്ട് നടക്കുന്ന വിജയരഥോത്സവത്തോടെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാകും
ഒക്ടോബര്‍ 11ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നത് മുതല്‍ നിത്യേന വിവിധ പൂജകള്‍ ഉണ്ടാകും. ശതരുദ്രാഭിഷേകം, മഹാനൈവേദ്യം, മംഗളാരതി, ദീപാരാധന, പ്രദോഷ പൂജ എന്നിവ നടക്കും. മുഖ്യ അര്ച്ചകനും തന്ത്രിയുമായ ഡോക്ടര്‍ കെ.രാമചന്ദ്ര അഡിഗ കാര്‍മികത്വം വഹിക്കും. 10 ദിവസങ്ങളിലും വിവിധ കലാപരിപാടികള്‍ ഉണ്ടാകും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൊല്ലൂരിലെത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ മൂകാംബിക ക്ഷേത്രം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം കൊല്ലൂരില്‍ ക്യാംപ് ചെയ്യും. തിരക്ക് നിയന്ത്രിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കൂടുതല്‍ പോലീസിനെയും സന്നദ്ധ പ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്. ബൈന്ദൂര്, ഉഡുപ്പി ഭാഗങ്ങളില്‍ പ്രത്യേകം ബസ് സര്‍വീസുകള്‍ തുടങ്ങി. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും നവരാത്രി സീസണു വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്

