ന്യൂഡൽഹി: ഭൂമിയുടെ ഭ്രമണപഥത്തിൽ ഇപ്പോൾ 14 മനുഷ്യർ കഴിയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയമായ ഐ.എസ്.എസിലും ചൈനയുടെ ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിലുമായാണ് ഇവർ കഴിയുന്നത്. ഒക്ടോബർ രണ്ടിന് പുലർച്ചെ നാസയുടെ സ്‌പേസ്‌എക്‌സ് ക്രൂ-13 സംഘം ഐ.എസ്.എസിലെത്തിയതോടെയാണ് ബഹിരാകാശത്തുള്ളവരുടെ എണ്ണം 14 ആയത്.ക്രൂ-13ലെ നാല് പേർ എത്തിയതോടെ ഐ.എസ്.എസിലെ അംഗസംഖ്യ താൽക്കാലികമായി 11 ആയി. നാസയുടെ ജെസിക്ക വാട്കിൻസ്, ലൂക്ക് ഡെലാനി, കനേഡിയൻ സ്പേസ് ഏജൻസിയുടെ ജോഷ്വ കുട്രിക്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ സെർഗെയ് ടെറ്റെര്യാറ്റ്നിക്കോവ് എന്നിവരാണ് പുതുതായി എത്തിയവർ. ജെസിക്ക വാട്കിൻസാണ് ക്രൂ-13ന്റെ കമാൻഡർ. ലൂക്ക് ഡെലാനി പൈലറ്റും ജോഷ്വ കുട്രിക്, സെർഗെയ് ടെറ്റെര്യാറ്റ്നിക്കോവ് എന്നിവർ മിഷൻ സ്പെഷ്യലിസ്റ്റുകളുമാണ്. ഡെലാനി, കുട്രിക്, ടെറ്റെര്യാറ്റ്നിക്കോവ് എന്നിവർക്ക് ഇത് ആദ്യ ബഹിരാകാശ യാത്രയാണ്. വാട്കിൻസിന്റെ രണ്ടാം ബഹിരാകാശ ദൗത്യമാണിത്. എക്സ്പെഡിഷൻ 75ന്റെ ഭാഗമായി നേരത്തെ തന്നെ ഏഴുപേർ ഐ.എസ്.എസിലുണ്ടായിരുന്നു. നാസയുടെ ജെസിക്ക മെയർ, ജാക്ക് ഹാത്‌വേ, അനിൽ മേനോൻ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഫ്രഞ്ച് ബഹിരാകാശ യാത്രിക സോഫി അഡെനോട്ട്, റോസ്‌കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന, ആൻഡ്രേ ഫെദ്യായേവ് എന്നിവരാണവർ. ഇതോടെ ഐ.എസ്.എസിൽ അഞ്ച് അമേരിക്കക്കാരും നാല് റഷ്യക്കാരും ഒരു കനേഡിയനും ഒരു ഫ്രഞ്ച് പൗരനും കഴിയുന്നു. അതേസമയം, ചൈനയുടെ തിയാങ്ഗോങ് ബഹിരാകാശ നിലയത്തിൽ ഷെൻഷൗ-23 ദൗത്യത്തിന്റെ ഭാഗമായി മൂന്ന് പേരുണ്ട്. കമാൻഡർ ഴു യാങ്‌ഴു, ഴാങ് ഴിയുവാൻ, ലി ജിയായിങ് എന്നിവരാണ് സംഘം. മേയ് 24നാണ് ഇവർ വിക്ഷേപിക്കപ്പെട്ടതും അതേ ദിവസം തിയാങ്ഗോങ്ങിലെത്തിയതും

